നരേല്ലെ ചുഴലിക്കാറ്റ്, എക്സ്മൗത്ത് പൂർണ്ണമായും ഒറ്റപ്പെട്ടു; പിൽബറയിൽ കനത്ത നാശനഷ്ടം

പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ആഞ്ഞടിച്ച ‘നരേൽ’ (Narelle) ചുഴലിക്കാറ്റിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ എക്സ്മൗത്ത് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു. റെക്കോർഡ് മഴയും അതിശക്തമായ കാറ്റുമാണ് മേഖലയിൽ നാശം വിതച്ചത്. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഉഷ്ണമേഖലാ ഇതര ന്യൂനമർദ്ദമായി മാറിയെങ്കിലും പിൽബറ, ഗാസ്കോയിൻ തീരങ്ങളിൽ ദുരിതം തുടരുകയാണ്.

എക്സ്മൗത്തിൽ കഴിഞ്ഞ രാത്രി മാത്രം 350 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ പിഴു തെറിയപ്പെടുകയും ചെയ്തു. വെള്ളപ്പൊക്കം കാരണം റോഡുകൾ അടഞ്ഞതും വിമാനത്താവളത്തിന്റെ റൺവേയ്ക്കും ടെർമിനലിനും കേടുപാടുകൾ സംഭവിച്ചതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. “നഗരം പൂർണ്ണമായും തകർന്നു, നിലവിൽ ഇവിടേക്ക് എത്താനോ പുറത്തുപോകാനോ വഴികളില്ല,” എന്ന് എക്സ്മൗത്ത് ഷെയർ പ്രസിഡന്റ് മാത്യു നിക്കുല പറഞ്ഞു.

തെക്കൻ മേഖലയായ കാർനാർവോണിലെ വാഴത്തോട്ടങ്ങളിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 80 ശതമാനത്തോളം കൃഷിയും നശിച്ചതായാണ് കർഷകർ പറയുന്നത്. ഈ വർഷം മാത്രം നേരിടുന്ന മൂന്നാമത്തെ പ്രകൃതിക്ഷോഭമാണിത്. എന്നിരുന്നാലും, ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം വാഴപ്പഴവും ക്വീൻസ്‌ലൻഡിൽ നിന്നായതിനാൽ വിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് കർഷകർ ആശ്വാസം പ്രകടിപ്പിച്ചു.

ചുഴലിക്കാറ്റിനെത്തുടർന്ന് പെർത്തിലും സമീപപ്രദേശങ്ങളിലും റെക്കോർഡ് മഴയാണ് ലഭിച്ചത്. മാൻഡുറയിൽ 24 മണിക്കൂറിനുള്ളിൽ 100 മില്ലീമീറ്റർ മഴ പെയ്തു. പെർത്തിൽ 1934-ന് ശേഷമുള്ള ഏറ്റവും നനഞ്ഞ മാർച്ച് മാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത കാറ്റും മഴയും കാരണം കാർനാർ വോൺ, ഷാർക്ക് ബേ എന്നിവിടങ്ങളിൽ ആകാശം ഓറഞ്ച് നിറമായി മാറിയ ‘അപ്പോക്കലിപ്റ്റിക്’ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഈസ്റ്റർ അവധിക്ക് തൊട്ടുമുമ്പ് ഉണ്ടായ ഈ പ്രകൃതിക്ഷോഭം മേഖലയിലെ ടൂറിസം രംഗത്തിന് വലിയ തിരിച്ച ടിയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ അടിയന്തര സേനാ വിഭാഗങ്ങളെ വടക്ക്-പടിഞ്ഞാറൻ മേഖലകളിലേക്ക് അയച്ചിട്ടുണ്ടെന്ന് പ്രീമിയർ റോജർ കുക്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *