ചെന്നൈ: ചെന്നൈ സിംഗപ്പെരുമാൾ കോവിലിന് സമീപമുള്ള അനുമന്തപുരം ഫയറിംഗ് റേഞ്ചിൽ ട്രക്കിംഗിനിടെയുണ്ടായ സ്ഫോടനത്തിൽ നാലാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ എമാൻസു യാദവ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിശാൽ വേണുഗോപാൽ, ആര്യൻ ശർമ്മ, കൃഷ്ണ സിരാജ് മഹാജൻ, നിഷ്കാസ് നിരജ് എന്നിവർക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരമാണ് ആറംഗ വിദ്യാർത്ഥി സംഘം ട്രക്കിംഗിനായി അനുമന്തപുരം കുന്നിൻ മുകളിൽ എത്തിയത്. സുരക്ഷാ സേനകൾ പരിശീലനത്തിനായി ഉപയോഗിക്കുന്ന ഈ സ്ഥലത്ത് അനുവാദമില്ലാതെയാണ് വിദ്യാർത്ഥികൾ പ്രവേശിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുന്നിൻ മുകളിൽ കിടന്നിരുന്ന ഒരു ഇരുമ്പ് വസ്തു വിദ്യാർത്ഥികളിൽ ഒരാൾ കാലുകൊണ്ട് തട്ടിയപ്പോൾ അത് തെറിച്ചുപോയി പാറയിൽ തട്ടുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.സ്ഫോടനത്തിൽ നെഞ്ചിനും തോളിലും മാരകമായി പരിക്കേറ്റ എമാൻസു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ വിശാലിന്റെ കൈകൾക്കും വിരലുകൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന വിരാട് സഞ്ജയ് കുമാർ എന്ന വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.സുരക്ഷാ സേനയുടെ പരിശീലനത്തിന് ശേഷം പൊട്ടിത്തെറിക്കാതെ അവശേഷിച്ച ഷെല്ലാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
തമിഴ്‌നാട്ടിൽ ട്രക്കിംഗിനിടെ സ്ഫോടനം; എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു, നാല് പേർക്ക് പരിക്ക്

