സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ (NSW) ഗർഭനിരോധന ഗുളികകൾ വാങ്ങുന്നതിന് ഇനി ഡോക്ടറുടെ കുറിപ്പടി (Prescription) നിർബന്ധമില്ല. സ്ത്രീകൾക്ക് ജി.പി. അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ തന്നെ ഫാർമസിസ്റ്റുകളിൽ നിന്ന് നേരിട്ട് ഗുളികകൾ വാങ്ങാൻ അനുമതി നൽകുന്ന പുതിയ പരിഷ്കാരം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണവും സൗകര്യവും തിരഞ്ഞെടുക്കാനുള്ള അവകാശവും നൽകുന്നതാണ് ഈ തീരുമാനമെന്ന് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു.
തിരഞ്ഞെടുത്ത ഫാർമസികൾ വഴി നേരത്തെ നടത്തിയിരുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം വിജയകരമായതിനെ തുടർന്നാണ് ഈ മാറ്റം. നിലവിൽ ഹെൽത്ത് ഡയറക്ട് (Healthdirect) വഴി രജിസ്റ്റർ ചെയ്ത 773 ഫാർമസികൾക്ക് ഈ സേവനം നൽകാൻ അനുമതിയുണ്ട്. ജീവിതച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മാറ്റം സ്ത്രീകളുടെ സമയവും പണവും ലാഭിക്കാൻ സഹായിക്കുമെന്ന് പ്രീമിയർ കൂട്ടിച്ചേർത്തു.
18 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ സേവനം ലഭ്യമാകുക. തുടക്കത്തിൽ ആദ്യത്തെ 5000 കൺസൾട്ടേഷനുകൾക്കായി 4.5 ദശലക്ഷം ഡോളർ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് തികച്ചും സജന്യമായിരിക്കില്ല. സർക്കാർ ആനുകൂല്യം ലഭിക്കുന്ന നിശ്ചിത എണ്ണം കൺസൾട്ടേഷനുകൾക്ക് ശേഷം, ഫാർമസിസ്റ്റ് പരിശോധനയ്ക്ക് 20 ഡോളർ മുതൽ 60 ഡോളർ വരെ സ്ത്രീകൾ നൽകേണ്ടി വരും.
ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് നേടിയതും എൻ.എസ്.ഡബ്ല്യു റീപ്രൊഡക്റ്റീവ് ഹെൽത്ത് കോഴ്സ് പൂർത്തിയാക്കിയതുമായ വിദഗ്ധ പരിശീലനം ലഭിച്ച ഫാർമസിസ്റ്റുകൾക്ക് മാത്രമേ ഗുളികകൾ നിർദ്ദേശിക്കാൻ അനുവാദമുള്ളൂ. തുടക്കത്തിൽ 60 ഫാർമസിസ്റ്റുകൾ ഇതിന് യോഗ്യത നേടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടുതൽ പേർ പരിശീലനം പൂർത്തിയാക്കുന്നതോടെ സേവനം വ്യാപകമാകും. ആരോഗ്യരംഗത്തെ വിടവുകൾ നികത്താനും ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാക്കാനും ഈ നിക്ഷേപം സഹായിക്കുമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാൻറ് വ്യക്തമാക്കി.

