മെൽബൺ: വിക്ടോറിയയിൽ വൻതോതിൽ സംഘടിത മോഷണം നടത്തിവന്ന ക്രിമിനൽ സംഘത്തെ പോലീസ് പിടികൂടി. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഏകദേശം 10 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ കവർന്ന സംഘമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 31 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ നിന്ന് സാധനങ്ങൾ വൻതോതിൽ മോഷ്ടിച്ച് കറുത്ത വിപണിയിൽ മറിച്ചുവിൽക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. മോഷണത്തിന് ശേഷം ഈ സാധനങ്ങൾ ലാഭത്തിനായി പ്രത്യേക വിതരണക്കാർക്ക് കൈമാറുകയായിരുന്നു പതിവ്. റീട്ടെയിൽ മേഖലയിൽ നടന്ന ഏറ്റവും വലിയ പോലീസ് ഓപ്പറേഷനുകളിൽ ഒന്നാണിതെന്ന് സൂപ്പർവൈസിംഗ് പോലീസ് സൂപ്രണ്ട് മാത്യു ബെയ്‌ൻസ് പറഞ്ഞു. അറസ്റ്റിലായവരിൽ 18 പേരെ ഇതിനകം ജയിലിലടച്ചു, 10 പേർ കോടതി നടപടികൾ നേരിടുകയാണ്.
മെൽബണിലെ സൺഷൈൻ വെസ്റ്റിൽ നിന്നാണ് സംഘത്തിലെ മുപ്പത്തിയൊന്നാമനെ പോലീസ് പിടികൂടിയത്. ബോക്സ് ഹിൽ ഡിവിഷണൽ റെസ്‌പോൺസ് യൂണിറ്റ് ഒരു വർഷത്തോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ അറസ്റ്റ്. കാലാവധി കഴിഞ്ഞ വിസയിൽ ഓസ്‌ട്രേലിയയിൽ കഴിയുന്ന 39-കാരനായ ഇയാൾ ഏതാനും മാസങ്ങൾക്കുള്ളിൽ 1,60,000 ഡോളർ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, റേസറുകൾ, വൈറ്റമിനുകൾ, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മെൽബൺ, ബല്ലാറാറ്റ്, ഗീലോംഗ് എന്നിവിടങ്ങളിലെ നിരവധി സൂപ്പർമാർക്കറ്റുകൾ ഇയാൾ കൊള്ളയടിച്ചതായും 68 മോഷണക്കേസുകൾ ഇയാൾക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു.
സംഘടിത മോഷണം ഒരിക്കലും ഇരകളില്ലാത്ത കുറ്റകൃത്യമല്ലെന്ന് സൂപ്രണ്ട് ബെയ്‌ൻസ് ചൂണ്ടിക്കാട്ടി. ഇത് ബിസിനസിനെ ബാധിക്കുമെന്നും ആ നഷ്ടം ഒടുവിൽ ഉപഭോക്താക്കൾ വിലക്കയറ്റത്തിലൂടെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിക്ടോറിയയിൽ റീട്ടെയിൽ മോഷണങ്ങൾ ആറ് ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്. ജീവിതച്ചെലവ് വർദ്ധിക്കുന്നതും ഇതിനൊരു കാരണമായി പോലീസ് കാണുന്നു.
ഷോപ്പിംഗ് സെന്ററുകളിലെ മോഷണവും അക്രമങ്ങളും തടയാൻ വിക്ടോറിയൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബറിൽ ആരംഭിച്ച പോലീസ് പട്രോളിംഗിൽ ഇതുവരെ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും 165 കത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഡിസംബർ മുതൽ ആരംഭിച്ച ‘ഓപ്പറേഷൻ പൾസ്’ ഈ വർഷം അവസാനം വരെ തുടരുമെന്നും പോലീസ് അറിയിച്ചു.

