ശക്തി (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത പവർ പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ഏപ്രിൽ 14-ന് സിംഗിതാരായി ഗ്രാമത്തിലെ പ്ലാന്റിലുണ്ടായ അപകടത്തിൽ ഇതുവരെ 20 തൊഴിലാളികൾ മരണപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.അശ്രദ്ധമൂലമുള്ള മരണം (സെക്ഷൻ 106), യന്ത്രസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച (സെക്ഷൻ 289) തുടങ്ങിയ വകുപ്പുകൾ പ്രകാരം ദാബ്ര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനിൽ അഗർവാളിനെ കൂടാതെ പ്ലാന്റ് മാനേജർ ദേവേന്ദ്ര പട്ടേൽ ഉൾപ്പെടെ എട്ടു മുതൽ പത്തു വരെ ഉന്നത ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.അപകടകാരണം:പ്ലാന്റിലെ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദ്ദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഏകദേശം 600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള നീരാവി പ്ലാന്റിലുണ്ടായിരുന്ന തൊഴിലാളികളുടെ മേലേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം നടന്നത്. പ്ലാന്റിലെ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികളിലും പ്രവർത്തനത്തിലും കമ്പനി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഫോറൻസിക് റിപ്പോർട്ടും ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടും ലഭിച്ച ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ 15-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
ഛത്തീസ്ഗഢ് വേദാന്ത പവർ പ്ലാന്റിലെ സ്ഫോടനം: അനിൽ അഗർവാളിനെതിരെ കേസെടുത്തു; മരണം 20 ആയി

