മയാമി: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കെതിരെ കരാർ ലംഘനത്തിന് അമേരിക്കയിൽ കേസ്. പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഒരു ഇവന്റ് പ്രൊമോട്ടർ കമ്പനിയാണ് മെസ്സിക്കെതിരെ 7.8 മില്യൺ ഡോളർ (ഏകദേശം 65.28 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് മയാമി കോടതിയെ സമീപിച്ചത്.പ്യൂർട്ടോ റിക്കോ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അർജന്റീന കളിക്കാനിരുന്ന പ്രദർശന മത്സരങ്ങളിൽ നിന്ന് മെസ്സി വിട്ടുനിന്നതാണ് കേസിന് ആധാരം. ഈ മത്സരങ്ങൾ സംഘടിപ്പിക്കാനും വാണിജ്യവൽക്കരിക്കാനുമുള്ള പ്രത്യേക കരാർ പ്രൊമോട്ടർമാർക്കുണ്ടായിരുന്നു. മെസ്സി കളത്തിലിറങ്ങുമെന്ന ഉറപ്പിന്മേലാണ് സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള വമ്പൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നത്. എന്നാൽ മെസ്സി പങ്കെടുക്കാതിരുന്നതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടെന്നുമാണ് വാദികളുടെ ആരോപണം.മെസ്സിയുടെ വേഷവിധാനവും പ്രൊമോഷണൽ പ്രവർത്തനങ്ങളും കരാറിന്റെ ഭാഗമായിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷമുള്ള മെസ്സിയുടെ തിരക്കേറിയ ഷെഡ്യൂളുകൾ ഇതിനെ ബാധിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു. കേസിൽ മെസ്സിയുടെ പ്രതിനിധികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. നേരത്തെ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ കളിക്കുന്ന സമയത്തും സമാനമായ ചില നിയമപ്രശ്നങ്ങൾ മെസ്സി നേരിട്ടിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ അമേരിക്കയിൽ തുടരുന്ന താരത്തിന് പുതിയ നിയമക്കുരുക്ക് വലിയ തലവേദനയാകാൻ സാധ്യതയുണ്ട്.
കരാർ ലംഘനം: ലയണൽ മെസ്സിക്കെതിരെ 65 കോടിയുടെ നിയമനടപടി

