കൊളംബോ: ശ്രീലങ്കൻ ഊർജ്ജ മന്ത്രി കുമാര ജയകോടി മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യത്തെ കൽക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ അന്വേഷണത്തിന് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് രാജി. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് താൻ രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ താപനിലയങ്ങൾക്കായി ഇറക്കുമതി ചെയ്ത കൽക്കരി ഗുണനിലവാരം കുറഞ്ഞതാണെന്നും ഇതുവഴി ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇറക്കുമതി നടപടികളിൽ വൻ ക്രമക്കേട് നടന്നതായും ഓഡിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച പാർലമെന്റിൽ തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കുമാര ജയകോടി അതിജീവിച്ചിരുന്നു. എന്നാൽ, കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ അദ്ദേഹം രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു.
അഴിമതിവിരുദ്ധ പോരാട്ടം പ്രധാന അജണ്ടയാക്കി അധികാരത്തിലെത്തിയ അനുര കുമാര ദിസനായകെ സർക്കാരിന് കീഴിൽ രാജിവെക്കുന്ന ആദ്യത്തെ മന്ത്രിയാണ് കുമാര ജയകോടി.കുറഞ്ഞ നിലവാരത്തിലുള്ള കൽക്കരി ഇറക്കുമതി ചെയ്തത് രാജ്യത്തെ ഏറ്റവും വലിയ താപനിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായും ഇതുമൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്

