ഹിസ്ബുള്ള ആക്രമണത്തിൽ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു; ലെബനനിൽ സംഘർഷം കടുക്കുന്നു

ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ (UNIFIL) ഭാഗമായിരുന്ന ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു. ലെബനൻ അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയാണ് അന്താരാഷ്ട്ര സമാധാന സേനയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ശനിയാഴ്ച പുലർച്ചെ ഹിസ്ബുള്ള വിക്ഷേപിച്ച റോക്കറ്റുകൾ സമാധാന സേനയുടെ ക്യാമ്പിന് സമീപം പതിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.തങ്ങളുടെ സൈനികൻ കൊല്ലപ്പെട്ട വിവരം ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഫ്രാൻസ്, സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ഇത്തരം പ്രകോപനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദക്ഷിണ ലെബനനിലെ യുഎൻ സമാധാന സേനയുടെ താവളങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. മേഖലയിൽ നിന്ന് സമാധാന സേന പിന്മാറണമെന്ന് നേരത്തെ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുഎൻ ഇത് നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *