ഓസ്‌ട്രേലിയയുടെ ഇന്ധന പ്രതിസന്ധി ഒഴിയുന്നു; കരുതൽ ശേഖരം കൂട്ടി സർക്കാർ, സിംഗപ്പൂരുമായി നിർണ്ണായക കരാർ

കാൻബറ: ഇറാൻ-അമേരിക്ക യുദ്ധം സൃഷ്ടിച്ച ആഗോള പ്രതിസന്ധികൾക്കിടയിലും ഓസ്‌ട്രേലിയയുടെ ഇന്ധന വിപണിയിൽ ശുഭസൂചനകൾ. രാജ്യത്തെ ഇന്ധന ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സിംഗപ്പൂരുമായി സർക്കാർ പുതിയ കരാറിൽ ഏർപ്പെട്ടു. നിലവിൽ രാജ്യം 46 ദിവസത്തേക്കുള്ള അടിയന്തര ഇന്ധന ശേഖരം ഉറപ്പാക്കിയതായി പ്രധാനമന്ത്രി ആന്തണി ആൽബനീസി അറിയിച്ചു. കഴിഞ്ഞ ആഴ്ചയേക്കാൾ എട്ട് ദിവസത്തെ അധിക ശേഖരമാണിത്.

യുദ്ധം മൂലം ഓസ്‌ട്രേലിയൻ വിപണിയിലുണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കാൻ സർക്കാർ അഹോരാത്രം പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായി രാജ്യത്തുടനീളം ഡീസൽ ലഭ്യമല്ലാതിരുന്ന പെട്രോൾ പമ്പുകളുടെ എണ്ണം 173-ൽ നിന്ന് 120 ആയി കുറഞ്ഞു. ഇത് ആകെ പമ്പുകളുടെ വെറും 1.5 ശതമാനം മാത്രമാണ്. കൂടുതൽ ഇന്ധനവുമായി 61 കപ്പലുകൾ ഇപ്പോൾ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലാണ്.

വിദേശകാര്യ മന്ത്രി പെനി വോങ് സിംഗപ്പൂരുമായി നടത്തിയ ചർച്ചയിലാണ് ഇന്ധന വിതരണം തടസ്സമില്ലാതെ തുടരാനുള്ള കരാർ ഔദ്യോഗികമാക്കിയത്. “പ്രതിസന്ധി ഘട്ടങ്ങളിൽ സുഹൃത്തുക്കൾ വളരെ പ്രധാനപ്പെട്ടതാണ്,” എന്ന് കരാറിന് ശേഷം അവർ പ്രതികരിച്ചു. അതേസമയം, ഇറാൻ സംഘർഷത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഇന്ധനശേഖരം നിലവിൽ കൈവശമുണ്ടെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ വ്യക്തമാക്കി.

ആഗോള എണ്ണ വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നതായി ലോകനേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ഈ പാത സുരക്ഷിതമായി നിലനിർത്താൻ സൈനിക സഹായം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ഈ അനുകൂല മാറ്റങ്ങൾ പ്രാദേശിക വിപണിയിലെ വിലക്കുറവിലേക്ക് നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും ഹോർമൂസ് കടലിടുക്കിലെ അനിശ്ചിതത്വം നിലനിൽക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. യുദ്ധം അവസാനിച്ചാലും ഇന്ധന വിതരണം പൂർണ്ണമായി സാധാരണ നിലയിലാകാൻ 90 ദിവസത്തോളം എടുത്തേക്കാം. യുദ്ധം മൂലം മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഉണ്ടായേക്കാവുന്ന ക്ഷാമം നേരിടാൻ പാൻഡെമിക് കാലത്തിന് ശേഷം ആദ്യമായി ‘നാഷണൽ ഇൻസിഡന്റ് സെന്റർ’ വീണ്ടും പ്രവർത്തനസജ്ജമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *