കൈകൊണ്ട് പണിതീർത്ത ‘കോട്ട’ വിറ്റത് 80 ലക്ഷം ഡോളറിന്; നാൽപ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉടമകൾ കോടീശ്വരന്മാർ

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിലെ വാട്ടർഫോർഡിൽ കൈകൊണ്ട് പണിതീർത്ത അപൂർവ്വമായൊരു ‘കോട്ട’ എൺപത് ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന് (ഏകദേശം 44 കോടിയിലധികം ഇന്ത്യൻ രൂപ) വിറ്റുപോയി. പതിറ്റാണ്ടുകളായി തങ്ങളെ തേടിയെത്തിയ നിരവധി വാഗ്ദാനങ്ങൾ നിരസിച്ച ഉടമകൾ, ഒടുവിൽ തങ്ങളുടെ സ്വപ്നഭവനം വിൽക്കാൻ തയ്യാറായതോടെയാണ് കോടീശ്വരന്മാരായി മാറിയത്.

ലോറൻ നഗരത്തിലെ ഗാർഡിനർ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ നാലുനില മധ്യകാല മാതൃകയിലുള്ള വീട് ‘കാസിൽ റംബിൾ’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. 1980-കളിൽ ഈ ഭൂമി വാങ്ങിയ ഉടമകൾ നാല് പതിറ്റാണ്ടുകൾ കൊണ്ടാണ് മരത്തടികളിൽ കൊത്തിയെടുത്ത അലങ്കാരപ്പണികളും റൂഫ്‌ടോപ്പ് ഹാച്ചും തടികൊണ്ടുള്ള ചാൻഡിലിയറുകളുമൊക്കെയുള്ള ഈ അപൂർവ്വ നിർമ്മിതി പൂർത്തിയാക്കിയത്.

നാല് ഹെക്ടറോളം വരുന്ന ഈ ഭൂമിക്ക് കുറഞ്ഞ സാന്ദ്രതയുള്ള റെസിഡൻഷ്യൽ സോണിംഗ് പദവിയുള്ളതിനാൽ വർഷങ്ങളായി വൻകിട ഡെവലപ്പർമാരുടെ കണ്ണു വെച്ചിരുന്ന ഇടമായിരുന്നു ഇത്. മുൻപ് പലരും വൻതുക വാഗ്ദാനം ചെയ്തിട്ടും ഉടമകൾ വഴങ്ങിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ പ്രൈവറ്റ് ട്രീറ്റി വഴി 80 ലക്ഷം ഡോളറിന് കച്ചവടം ഉറപ്പിക്കുകയായിരുന്നു.

1985-ൽ വെറും 25,000 ഡോളറിനാണ് ഇവർ ഈ സ്ഥലം വാങ്ങിയത്. പുതിയ വിൽപ്പനയിലൂടെ ഏകദേശം 79.75 ലക്ഷം ഡോളറിന്റെ ലാഭമാണ് ഇവർക്ക് ലഭിച്ചത്. അതായത് ഉടമസ്ഥതയിലുണ്ടായിരുന്ന ഓരോ വർഷവും ശരാശരി രണ്ട് ലക്ഷം ഡോളർ വീതം മൂല്യം വർദ്ധിച്ചുവെന്ന് ചുരുക്കം. പുതിയ ഉടമ കോട്ട നിലനിർത്താൻ തന്നെയാണ് നിലവിൽ താൽപ്പര്യപ്പെടുന്നത്. ഇവിടെനിന്നും മാറുന്നതിന് മുന്നോടിയായി വീട്ടിലെ വിലപിടിപ്പുള്ള അപൂർവ്വ വസ്തുക്കൾ വിൽക്കാനാണ് പഴയ ഉടമകളുടെ തീരുമാനം. പുതിയ വീട് വാങ്ങുന്നതിനൊപ്പം മറ്റു നിക്ഷേപങ്ങൾ നടത്താനും ഇവർ പദ്ധതിയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *