ഇന്ധനവില വർദ്ധനവ്; പലചരക്ക് സാധനങ്ങൾ മുൻകൂട്ടി വാങ്ങി ശേഖരിച്ച് ഓസ്‌ട്രേലിയക്കാർ; ‘പാൻട്രി ലോഡിംഗ്’ തരംഗമാകുന്നു

മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ധനവിലയും ജീവിതച്ചെലവും കുതിച്ചുയരുന്നതോടെ സാധാരണക്കാരുടെ ഷോപ്പിംഗ് രീതികളിൽ വലിയ മാറ്റം. വില കുറവുള്ള സമയത്തോ ഓഫറുകൾ ഉള്ളപ്പോഴോ ദീർഘകാലം കേടു കൂടാതെ ഇരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വൻതോതിൽ വാങ്ങി ശേഖരിക്കുന്ന ‘പാൻട്രി ലോഡിംഗ്’ എന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണ്. പാൻഡെമിക് കാലത്തെ പരിഭ്രാന്തി മൂലമുള്ള വാങ്ങലുകളിൽ നിന്നും വ്യത്യസ്തമായി, ഭാവിയിലെ വിലക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു സാമ്പത്തിക തന്ത്രമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്.

പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ലോറൻ ആന്റൊനെൻകോയെപ്പോലെയുള്ളവർക്ക് ഈ രീതി വലിയ ആശ്വാസമാണ് നൽകുന്നത്. കർശനമായ ഭക്ഷണക്രമം പാലിക്കേണ്ട ലോറൻ, തനിക്ക് കഴിക്കാൻ സാധിക്കുന്ന ടിന്നിലടച്ച ഭക്ഷണങ്ങളും പച്ചക്കറികളും മറ്റും ഓഫർ വിലയിൽ ലഭിക്കുമ്പോൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നു. “ഇന്ധനവില വർദ്ധിക്കാൻ തുടങ്ങിയതോടെ ഷോപ്പിംഗിനെക്കുറിച്ചുള്ള എന്റെ ചിന്താഗതി മാറി. അനാവശ്യമായ തിരക്കോ ബഹളമോ ഇല്ലാതെ, എനിക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ ഞാൻ വാങ്ങി വെക്കുന്നു,” ലോറൻ പറയുന്നു.

പ്രമുഖ ഭക്ഷ്യ ഉൽപ്പാദന കമ്പനിയായ എസ്.പി.സി ഗ്ലോബൽ നൽകുന്ന കണക്കുകൾ പ്രകാരം, മാർച്ച് അവസാനത്തോടെ ടിന്നിലടച്ച തക്കാളി, പഴങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിൽപനയിൽ 20 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ഹോട്ടൽ ഭക്ഷണവും പുറത്തുനിന്നുള്ള വിനോദങ്ങളും കുറച്ച്, വീട്ടിലേക്കാവശ്യമായ അടിസ്ഥാന സാധനങ്ങൾ ശേഖരിക്കാനാണ് മിക്ക കുടുംബങ്ങളും മുൻഗണന നൽകുന്നത്.

സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കുന്നത് കുറച്ച് സ്വന്തം വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. വിത്തുകളുടെ വിൽപനയിൽ 94 ശതമാനം വർദ്ധനവ് ഉണ്ടായതായി വിത്തുവിതരണക്കാരായ ‘ദി ഡിഗ്ഗേഴ്സ് ക്ലബ്’ വ്യക്തമാക്കുന്നു. കോളിഫ്ലവർ, ബ്രോക്കോളി, പയർ വർഗ്ഗങ്ങൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. സ്വന്തമായി കൃഷി ചെയ്യുന്നത് വഴി ആഴ്ചയിൽ 30 മുതൽ 60 ഡോളർ വരെ ലാഭിക്കാൻ സാധിക്കുന്നുണ്ടെന്ന് ഈ രംഗത്തേക്ക് തിരിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു.

വിലക്കയറ്റത്തെ നേരിടാൻ സാധനങ്ങൾ ശേഖരിക്കുന്നത് സ്വാഭാവികമാണെങ്കിലും, അമിതമായി വാരിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത ഏതാനും ആഴ്ചകളിലേക്ക് ശരിക്കും ആവശ്യമുണ്ടോ എന്ന് ചിന്തിച്ചതിന് ശേഷം മാത്രം സാധനങ്ങൾ വാങ്ങാൻ യു.എൻ.എസ്.ഡബ്ല്യു (UNSW) ലെ ഇക്കണോമിക്സ് ലക്ചറർ ഡോ. തിമോത്തി നീൽ നിർദ്ദേശിക്കുന്നു. നിലവിൽ സൂപ്പർമാർക്കറ്റുകളിൽ ഇന്ധനത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും ക്ഷാമമില്ലെന്നും അതിനാൽ പരിഭ്രാന്തരായി സാധനങ്ങൾ ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും വൂൾവർത്ത്‌സ്, ആൽഡി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *