വാൽപ്പാറ: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ ടെമ്പോ ട്രാവലർ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ചുരം റോഡുകളിൽ വാഹനം ഓടിച്ചുള്ള പരിചയമില്ലാത്തതാണ് നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് തമിഴ്‌നാട്-കേരള മോട്ടോർ വാഹന വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തി.
അപകടസമയത്ത് ട്രാവലർ ഓടിച്ചിരുന്നത് വാഹനത്തിന്റെ സ്ഥിരം ഡ്രൈവറായ മുഹമ്മദ് ഫാഹിസ് ആയിരുന്നില്ല. പകരം, യാത്രാസംഘത്തിലുണ്ടായിരുന്ന സ്കൂൾ വാൻ ഡ്രൈവർ നൗഷാദാണ് (39) വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 16-ാം വളവിൽ വെച്ച് സെൽഫി എടുക്കാനായി വണ്ടി നിർത്തിയപ്പോഴാണ് നൗഷാദ് ഡ്രൈവിംഗ് ഏറ്റെടുത്തത്.
ഹൈവേകളിൽ വാൻ ഓടിച്ചു പരിചയമുള്ള നൗഷാദിന് കുത്തനെയുള്ള ഇറക്കങ്ങളും വളവുകളുമുള്ള വാൽപ്പാറ ചുരത്തിൽ വലിയ വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 13-ാം വളവിൽ വെച്ച് വാഹനം വലതുവശത്തേക്ക് ചേരുകയും സംരക്ഷണ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
ചുരം ഇറങ്ങുമ്പോൾ ലോ ഗിയർ ഉപയോഗിക്കുന്നതിന് പകരം തുടർച്ചയായി ബ്രേക്ക് ഉപയോഗിച്ചത് ബ്രേക്കിന്റെ കാര്യക്ഷമത കുറയാൻ (Brake fade) കാരണമായിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
13-ാം വളവിൽ നിന്ന് മറിഞ്ഞ വാഹനം ഏകദേശം 500 അടിയോളം താഴെയുള്ള ഒൻപതാം വളവിലേക്കാണ് പതിച്ചത്. വീഴ്ചയ്ക്കിടെ പാറക്കെട്ടുകളിൽ ഇടിച്ച് വാഹനം പൂർണ്ണമായും തകർന്നു. വാഹനം മറിയുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടത്.മലപ്പുറം ജില്ലയിലെ പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ഡ്രൈവർ നൗഷാദും മുഹമ്മദ് ഫാഹിസും ഉൾപ്പെടെയുള്ളവർ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

