കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ, നിതിന്റെ അച്ഛനും സഹോദരി ഭർത്താവും ഇന്ന് കോളേജ് കാമ്പസ് സന്ദർശിച്ചു. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച കുടുംബം, പ്രിൻസിപ്പലിനെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ കാണാതെ മടങ്ങുകയായിരുന്നു.
”മകനെ കൊന്നവരെ കാണേണ്ടതില്ല” എന്ന നിലപാടിലായിരുന്നു കുടുംബമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിതിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരെ പ്രതിഷേധം ശക്തമാണ്.
നിതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കോളേജിലെ ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ഹാഷിം അലി കഴിഞ്ഞ ദിവസം രാജിവെച്ചു. ആരോപണവിധേയരായ കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെച്ചേക്കുമെന്നാണ് സൂചന.നിതിന്റെ മരണം ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി മൂലമാണെന്ന് കോളേജ് മാനേജ്‌മെന്റ് ആരോപിക്കുന്നുണ്ടെങ്കിലും, ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കുടുംബം കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കുറ്റാരോപിതരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും പ്രിൻസിപ്പലിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 28-ന് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാര്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറെയും നേരിൽ കണ്ടു.

