കീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി തർക്കപ്രദേശമായ ഡോൺബാസ് മേഖലയുടെ ഒരു ഭാഗത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ യുക്രെയ്ൻ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഡോൺബാസ് മേഖലയിലെ ഒരു ഭാഗത്തിന് ‘ഡോണി ലാൻഡ്’ (Donnyland) എന്ന് പുനർനാമകരണം ചെയ്യാനാണ് അനൗദ്യോഗിക നീക്കം നടക്കുന്നത്.
ആദ്യഘട്ടത്തിൽ തമാശയായി ഉയർന്നുവന്ന ഈ നിർദ്ദേശം, ട്രംപിനെ വശത്താക്കാനുള്ള ഗൗരവകരമായ ഓപ്ഷനായി യുക്രെയ്ൻ ഇപ്പോൾ പരിഗണിക്കുകയാണെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 5200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും രൂക്ഷമായ പോരാട്ടങ്ങൾ നടന്ന ഇടമാണ്. യുദ്ധത്തിന് മുൻപ് ഏകദേശം 1,90,000 പേർ താമസിച്ചിരുന്ന ഈ മേഖലയിൽ ഇപ്പോൾ ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
റഷ്യയുമായുള്ള സമാധാന ചർച്ചകളിൽ ഈ പ്രദേശത്തിന്റെ നിയന്ത്രണം വലിയ തർക്കവിഷയമായി തുടരുകയാണ്. ഈ പ്രദേശം സൈനികരഹിത മേഖലയാക്കി മാറ്റാനും അവിടെ സ്വന്തം പോലീസ് സേനയെ വിന്യസിക്കാനുമാണ് റഷ്യയുടെ താൽപ്പര്യം. എന്നാൽ, ഈ പ്രദേശം വിട്ടുനൽകുന്നത് യുക്രെയ്ന്റെ പ്രതിരോധ കോട്ടകളെ തകർക്കുമെന്ന ആശങ്ക കീവിനുണ്ട്.
ഡോണി ലാൻഡിനായി ഒരു പ്രത്യേക പതാകയും ദേശീയഗാനവും നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ഒരു യുക്രെയ്നിയൻ ചർച്ചാ പ്രതിനിധി തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്. തന്റെ പേരിൽ സ്ഥാപനങ്ങളും സ്ഥലങ്ങളും അറിയപ്പെടാൻ താൽപ്പര്യമുള്ള ട്രംപിന്റെ സ്വഭാവം മുൻനിർത്തിയാണ് ഈ നീക്കം. എന്നാൽ ഇതിനോട് ഡൊണാൾഡ് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി യുദ്ധം ഒരേ നിലയിൽ തുടരുമ്പോഴും, റഷ്യയ്ക്ക് നേരിട്ട വൻ സൈനിക നഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുക്രെയ്ൻ പ്രതിരോധം തുടരുന്നത്. ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശം പിടിച്ചെടുക്കാൻ റഷ്യയ്ക്ക് ശരാശരി 254 സൈനികരെ നഷ്ടപ്പെട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

