സിഡ്നി: 25 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള വൻകിട റിയൽ എസ്റ്റേറ്റ് തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ഒത്താശ ചെയ്ത 32-കാരനായ അഭിഭാഷകൻ സിഡ്നിയിൽ അറസ്റ്റിലായി. അന്താരാഷ്ട്ര തലത്തിൽ പോലും വേരുകളുള്ള ഒരു ക്രിമിനൽ സംഘത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന ഗൗരവകരമായ ആരോപണമാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.
സിഡ്നിയിലെ ഒരു പ്രമുഖ നിയമസ്ഥാപനത്തിന്റെ ഡയറക്ടറും പ്രിൻസിപ്പലുമായ ഇയാൾ, തന്റെ പദവി ദുരുപയോഗം ചെയ്ത് ക്രിമിനൽ സിൻഡിക്കേറ്റിന് സ്വത്തുക്കൾ വാങ്ങുന്നതിനായി വ്യാജ രേഖകൾ ചമച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. ‘സ്ട്രൈക്ക് ഫോഴ്സ് മിഡിൽടൺ’ (Strike Force Myddleton) എന്ന പ്രത്യേക അന്വേഷണ സംഘം മാസങ്ങളായി നടത്തിയ നീക്കത്തിനൊടുവിലാണ് പഞ്ച്ബൗളിലെ വസതിയിൽ നിന്ന് ഇയാളെ പിടികൂടിയത്. നിലവിലില്ലാത്ത ആഡംബര കാറുകളുടെ പേരിൽ (‘Ghost Cars’) ബാങ്കുകളിൽ നിന്ന് ലോണുകൾ എടുപ്പിക്കാനും ദശലക്ഷക്കണക്കിന് ഡോളർ വെളുപ്പിക്കാനും ഇയാൾ സംഘത്തെ സഹായിച്ചതായും പോലീസ് കോടതിയിൽ അറിയിച്ചു.
തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടം കൈക്കലാക്കി, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി തുടങ്ങി ആറോളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാങ്ക് ടൗൺ ലോക്കൽ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം നിഷേധിച്ചു. ഈ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ബാങ്കർമാരും ഇടനിലക്കാരും ഉൾപ്പെടെ 24 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 95 ദശലക്ഷം ഡോളറിന്റെ ആസ്തികൾ എൻഎസ്ഡബ്ല്യു ക്രൈം കമ്മീഷൻ ഇതുവരെ മരവിപ്പിച്ചു. നിയമരംഗത്തുള്ളവർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായി കാണുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും ഫിനാൻഷ്യൽ ക്രൈം സ്ക്വാഡ് വ്യക്തമാക്കി.

