മെൽബൺ: ഓസ്ട്രേലിയയിൽ വരും മാസങ്ങളിൽ ഡീസൽ വിലയിൽ വൻ വർദ്ധനവിനും ഇന്ധനക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ എണ്ണ പ്രതിസന്ധിയെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ ഓസ്ട്രേലിയൻ തീരങ്ങളിലേക്ക് വൈകിയെത്തുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (IEEFA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്.
ഓസ്ട്രേലിയക്കാവശ്യമായ ഡീസലിന്റെ 87 ശതമാനവും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡീസൽ ഇറക്കുമതിക്കാരായ ഓസ്ട്രേലിയയെ, ഏഷ്യ-പസഫിക് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും വിതരണത്തിലെ കുറവും വരും ദിവസങ്ങളിൽ സാരമായി ബാധിച്ചേക്കാം. ഹോർമുസ് കടലിടുക്കിലെ ഉപരോധം എണ്ണ വിതരണത്തെ ബാധിച്ചതോടെ 2026 ഏപ്രിലിൽ ഡീസൽ വില ഈ വർഷം ആദ്യമുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് ഐ.ഇ.ഇ.എഫ്.എ ചീഫ് എക്സിക്യൂട്ടീവ് അമാൻഡിൻ ഡെനിസ് റയാൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഓസ്ട്രേലിയയിൽ ഡീസലിന് ശരാശരി ലിറ്ററിന് 2.85 ഡോളറാണ് വില. സംഘർഷം രൂക്ഷമായ സമയത്ത് ഇത് 3.20 ഡോളറിന് മുകളിലായിരുന്നു. പമ്പുകളിൽ പെട്രോളിനേക്കാൾ വലിയ വിലക്കയറ്റമാണ് ഡീസലിന് അനുഭവപ്പെടുന്നത്. രാജ്യം ഭൂമിശാസ്ത്രപരമായി അകലെയായതിനാൽ ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധിയുടെ ആഘാതം ഓസ്ട്രേലിയയിൽ അനുഭവപ്പെടാൻ അല്പം സമയമെടുക്കും. എന്നാൽ വിതരണം പുനഃസ്ഥാപിക്കപ്പെടുമ്പോൾ അതിന്റെ ഗുണം ലഭിക്കാനും ഇതേപോലെ കാലതാമസമുണ്ടാകും.
കാർഷികം, ഖനനം, റെയിൽ ഗതാഗതം എന്നീ മേഖലകളിൽ ഡീസൽ ഉപയോഗം നിയന്ത്രിക്കാനും ഇന്ധനക്ഷമത വർദ്ധിപ്പിക്കാനുമുള്ള നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് ഐ.ഇ.ഇ.എഫ്.എ ആവശ്യപ്പെട്ടു. റോഡ് ഗതാഗതത്തിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുക, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ രീതികളിലൂടെ ഇന്ധനം ലാഭിക്കാൻ സാധിക്കും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നത് ഇത്തരം ആഗോള പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

