പുറ്റിങ്ങൽ ദുരന്തക്കേസ്: പ്രോസിക്യൂഷൻ കൂടുതൽ രേഖകൾ ഹാജരാക്കി; വിചാരണ വേഗത്തിലാക്കാൻ കോടതി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനായി പ്രോസിക്യൂഷൻ കൂടുതൽ രേഖകൾ കോടതിയിൽ സമർപ്പിച്ചു. നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സാക്ഷികളുടെയും ഇതിനകം ഹാജരാക്കിയ രേഖകളുടെയും വിശദാംശങ്ങൾ സമർപ്പിച്ചത്

പ്രതിഭാഗത്തിന്റെ ആക്ഷേപങ്ങൾ പരിഗണിക്കാനും പുതുതായി സമർപ്പിച്ച രേഖകളിൽ വിശദീകരണം നൽകാനും ജഡ്ജി എം.സി. ആന്റണി കേസ് മേയ് രണ്ടിലേക്ക് മാറ്റി.2016 ഏപ്രിൽ 9-ന് പുറ്റിങ്ങൽ ക്ഷേത്രത്തിലെ മത്സര വെടിക്കെട്ടിനിടെ ഉണ്ടായ വലിയ സ്‌ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും 358 വീടുകൾ തകരുകയും ചെയ്തിരുന്നു

കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 59 പ്രതികളിൽ ഇതിനകം 15 പേർ മരണപ്പെട്ടു. 30-ാം പ്രതിയായ അനുരാജിനെതിരേ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിക്കുകയും ഇയാൾക്കെതിരായ നടപടികൾക്കായി കേസ് ജൂലൈ 8-ലേക്ക് മാറ്റുകയും ചെയ്തു.കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കുന്നതിനോടൊപ്പം വിചാരണ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *