പാകിസ്താനിൽ നിന്നു ഇറാൻ വിദേശകാര്യമന്ത്രി മടങ്ങി; അമേരിക്കൻ പ്രതിനിധികളുടെ യാത്ര റദ്ദാക്കി

ഇസ്‌ലാമാബാദ്: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി പാകിസ്താനിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ സാഹചര്യത്തിൽ, അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ യാത്ര റദ്ദാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി ഇസ്‌ലാമാബാദിൽ കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക ദൗത്യ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നർ എന്നിവർ പാകിസ്താനിലെത്താനിരിക്കെ അവസാന നിമിഷമാണ് യാത്ര റദ്ദാക്കിയത്

ഇതിനിടെ, അറാഘ്ചി പാകിസ്താനിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷം അമേരിക്കൻ പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾ നടക്കാതെയാണ് മടങ്ങിയത്. പാകിസ്താൻ ഇടനിലക്കാരനായി പ്രവർത്തിച്ചെങ്കിലും യാതൊരു നിർണായക പുരോഗതിയും കൈവന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യാത്ര റദ്ദാക്കാനുള്ള കാരണം വിശദീകരിക്കുമ്പോൾ, ദീർഘയാത്രയും ഫലപ്രദമല്ലാത്ത ചർച്ചകളും ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ താൽപര്യമുണ്ടെങ്കിൽ അവർ തന്നെ മുന്നോട്ട് വരണമെന്ന് അമേരിക്ക നിലപാട് സ്വീകരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നതിനിടെ, പാകിസ്താന്റെ ഇടപെടലിലൂടെ സമാധാന ശ്രമങ്ങൾ മുന്നോട്ടു പോകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങൾ ചർച്ചകൾ അനിശ്ചിതത്വത്തിലാക്കുകയും സംഘർഷാവസ്ഥ തുടരാൻ ഇടയാക്കുകയും ചെയ്തതായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *