ആലീസ് സ്പ്രിംഗ്സ്: അഞ്ച് വയസ്സുകാരി കുമാൻജയി ലിറ്റിൽ ബേബിയുടെ കൊലപാതകത്തിന് പിന്നാലെ ആലീസ് സ്പ്രിംഗ്സിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഒരു സർവീസ് സ്റ്റേഷന്റെ വാതിൽ തകർത്ത് അകത്തുകയറിയ ഡസൻ കണക്കിന് ആളുകൾ സാധനങ്ങൾ കൊള്ളയടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഗ്യാപ്പ് റോഡിലെ സൂപ്പർമാർക്കറ്റിലും ബാഗോട്ട് സ്ട്രീറ്റിലെ സർവീസ് സ്റ്റേഷനിലുമാണ് വ്യാപകമായ അക്രമം നടന്നത്. കടയ്ക്കുള്ളിലെ ഷെൽഫുകൾ മറിച്ചിടുകയും സാധനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്ന കലാപകാരികളെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഏകദേശം 1,05,000 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായും 80,000 ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചതായും നോർത്തേൺ ടെറിട്ടറി പോലീസ് കമ്മീഷണർ മാർട്ടിൻ ഡോൾ അറിയിച്ചു. ഇത് വെറും ക്രിമിനൽ സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ലൂയിസ് എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിൽ സംഘർഷം ആരംഭിച്ചത്. ആലീസ് സ്പ്രിംഗ്സ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടം വാഹനങ്ങൾക്ക് തീയിടുകയും പോലീസിനും പാരാമെഡിക്കൽ ജീവനക്കാർക്കും നേരെ ആക്രമണം നടത്തുകയും ചെയ്തു. 18 മുതൽ 49 വയസ്സ് വരെ പ്രായമുള്ള അഞ്ച് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. നഗരത്തിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

