മകളുടെ ചികില്‍സയ്ക്കായി വീട് വില്‍ക്കാനൊരുങ്ങി മാതാപിതാക്കള്‍;എക്‌സിമ ബാധിച്ച കുരുന്നിന് ഇനി നിലവിളികളില്ലാത്ത രാത്രികള്‍ വേണം

സിഡ്‌നി: മകളുടെ തീവ്രമായ ചർമ്മരോഗത്തിന് (Eczema) ചികിത്സ തേടി സ്വന്തം വീട് വരെ വിൽക്കാൻ തയ്യാറെടുത്തിരിക്കുകയാണ് സിഡ്‌നിയിലെ ഒരു കുടുംബം. ഏഴ് വയസ്സുകാരിയായ റൂബിയുടെ ചികിത്സയ്ക്കായി പ്രതിമാസം 1600 ഡോളറിലധികം (ഏകദേശം ഒന്നര ലക്ഷത്തോളം രൂപ) ചിലവ് വരുന്ന ‘ഡ്യുപിക്സെന്റ്’ (Dupixent) എന്ന മരുന്നിന് സബ്സിഡി അനുവദിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്തെത്തി.

കുട്ടിക്കാലം മുതൽ അതിശക്തമായ ചൊറിച്ചിലും വേദനയും കാരണം റൂബിയുടെ ചർമ്മം അടർന്നുമാറുന്ന അവസ്ഥയായിരുന്നുവെന്ന് മാതാവ് ജേഡ് പറഞ്ഞു. വേദന കൊണ്ട് ഉറങ്ങാൻ കഴിയാതെ നിലവിളിക്കുന്ന മകളെ നോക്കി നിൽക്കാനേ തങ്ങൾക്ക് സാധിച്ചിരുന്നുള്ളൂവെന്നും ജേഡ് വേദനയോടെ ഓർക്കുന്നു. ‘ഡ്യുപിക്സെന്റ്’ എന്ന ഇൻജെക്ഷൻ മകളുടെ ജീവിതം മാറ്റിമറിച്ചെങ്കിലും അതിന്റെ ഭീമമായ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. വീട് വിൽക്കുന്നതിനെക്കുറിച്ച് പോലും തങ്ങൾ ആലോചിച്ചിരുന്നതായി ജേഡ് വ്യക്തമാക്കി.

നിലവിൽ ഓസ്‌ട്രേലിയയിൽ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ് സ്കീം (PBS) വഴി ഈ മരുന്നിന് ഇളവ് ലഭിക്കുന്നുള്ളൂ. ആറ് മാസം മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ‘എക്സിമ സപ്പോർട്ട് ഓസ്‌ട്രേലിയ’ എന്ന സംഘടന പ്രചാരണം ആരംഭിച്ചു. പിബിഎസിൽ ഉൾപ്പെടുത്തിയാൽ പ്രതിമാസം 1600 ഡോളർ ചിലവ് വരുന്ന മരുന്ന് വെറും 25 ഡോളറിന് ലഭ്യമാകും.

ഓസ്‌ട്രേലിയയിലെ മൂന്ന് ദശലക്ഷത്തോളം ആളുകളെ എക്സിമ ബാധിക്കുന്നുണ്ടെന്നും ഇതിൽ മൂന്നിലൊന്ന് പേർ ആറ് വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മരുന്ന് കമ്പനി ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതാണ് നിലവിൽ തടസ്സമെന്നും 2026 ജൂലൈയിൽ നടക്കുന്ന പിബിഎസി (PBAC) യോഗത്തിൽ ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം പരിഗണിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *