കേരളത്തിൽ യു.ഡി.എഫ് തരംഗം; മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാർ പിന്നിൽ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാന ഭരണകൂടത്തെ ഞെട്ടിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യു.ഡി.എഫ് വൻ മുന്നേറ്റം കാഴ്ചവെക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം 97 സീറ്റുകളിൽ യു.ഡി.എഫ് ലീഡ് ചെയ്യുമ്പോൾ, എൽ.ഡി.എഫ് 38 സീറ്റുകളിലും ബി.ജെ.പി 4 സീറ്റുകളിലും മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.

കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരിക്കുന്നത്.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായപ്പോൾ, പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ ലീഡ് ചെയ്യുന്നു.

പി. രാജീവ് (കളമശ്ശേരി), വീണ ജോർജ് (ആറന്മുള), വി. ശിവൻകുട്ടി (നേമം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), പി. പ്രസാദ് (ചേർത്തല), കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം), റോഷി അഗസ്റ്റിൻ (ഇടുക്കി), വി.എൻ. വാസവൻ (ഏറ്റുമാനൂർ), ഒ.ആർ. കേളു (മാനന്തവാടി), വി. അബ്ദുറഹ്മാൻ (താനൂർ) എന്നിവരും നിലവിൽ പിന്നിലാണ്.

യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശം: കേവലഭൂരിപക്ഷത്തിന് ആവശ്യമായ 71 എന്ന സംഖ്യയും മറികടന്ന് യു.ഡി.എഫ് ലീഡ് നില ഉയർത്തുകയാണ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും, ചവറയിൽ ഷിബു ബേബി ജോണും, മണലൂരിൽ ടി.എൻ. പ്രതാപനും വ്യക്തമായ മുൻതൂക്കം നിലനിർത്തുന്നുണ്ട്.

ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളാണ് എൽ.ഡി.എഫിന് തിരിച്ചടിയായതെങ്കിൽ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴും യു.ഡി.എഫിന്റെ ലീഡ് നില കുറയാത്തത് ഇടതുക്യാമ്പുകളിൽ ആശങ്ക പടർത്തുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ഫലത്തിന്റെ അന്തിമ ചിത്രം വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *