കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലമായ ധർമ്മടത്ത് വൻ തിരിച്ചടി. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോഴും യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് പിന്നിലാണ് മുഖ്യമന്ത്രി.
ആദ്യ റൗണ്ടുകൾ മുതൽ തന്നെ നേരിയ ലീഡ് നിലനിർത്തിയിരുന്ന സി. രഘുനാഥ്, അഞ്ചാം റൗണ്ടിലെ വോട്ടുകൾ എണ്ണിത്തീർന്നതോടെ ലീഡ് വർദ്ധിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 1,100 ഓളം വോട്ടുകൾക്ക് രഘുനാഥ് മുന്നിലാണ്.
എൽഡിഎഫ് വോട്ടുകൾ എണ്ണിത്തുടങ്ങിയാൽ പിണറായി വിജയൻ ലീഡ് തിരിച്ചുപിടിക്കുമെന്ന് സി.പി.എം ക്യാമ്പുകൾ വിശ്വസിക്കുന്നുണ്ടെങ്കിലും, തുടർച്ചയായ അഞ്ച് റൗണ്ടുകളിലെ ഈ പിന്നിൽ നിൽക്കൽ എൽഡിഎഫ് പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ്. വരും റൗണ്ടുകളിൽ ലീഡ് നില മാറിമറിയാൻ സാധ്യതയുണ്ടെങ്കിലും ധർമ്മടത്തെ ഈ അപ്രതീക്ഷിത ഫലസൂചനകൾ സംസ്ഥാന രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്.

