ചാരവൃത്തി ആരോപിച്ച് മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ ഓസ്ട്രിയ പുറത്താക്കി

വിയന്ന: നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഓസ്ട്രിയ മൂന്ന് റഷ്യൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. വിയന്നയിലെ റഷ്യൻ നയതന്ത്ര കാര്യാലയത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ധാരാളം ആന്റിനകൾ (Forest of antennae) അനധികൃതമായി വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇതോടെ 2020-ന് ശേഷം ഓസ്ട്രിയ പുറത്താക്കിയ റഷ്യൻ നയതന്ത്രജ്ഞരുടെ എണ്ണം 14 ആയി.

സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന അന്താരാഷ്ട്ര, ദേശീയ സംഘടനകളിൽ നിന്നുള്ള വിവരങ്ങൾ എംബസിക്ക് മുകളിലെ ഉപകരണങ്ങൾ വഴി ചോർത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഓസ്ട്രിയയുടെ നടപടി രാഷ്ട്രീയ പ്രേരിതവും അസ്വീകാര്യവുമാണെന്ന് വിശേഷിപ്പിച്ച റഷ്യൻ എംബസി, ഇതിന് കടുത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.സ്വന്തം രാജ്യത്തിന് വിരുദ്ധമല്ലാത്ത ചാരപ്രവർത്തനങ്ങളെ നിലവിൽ അനുവദിക്കുന്ന ഓസ്ട്രിയൻ ക്രിമിനൽ കോഡിലെ പഴുതുകൾ അടയ്ക്കാൻ സർക്കാർ പുതിയ നിയമനിർമ്മാണം നടത്തിവരികയാണ്. ഇത് യൂറോപ്യൻ യൂണിയനും അന്താരാഷ്ട്ര സംഘടനകൾക്കും എതിരായ ചാരവൃത്തി കൂടി കുറ്റകരമാക്കും.

റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സുപ്രധാന വിവരങ്ങൾ കൈമാറിയെന്നാരോപിക്കപ്പെടുന്ന മുൻ ഓസ്ട്രിയൻ കൗണ്ടർ എസ്പിയോണേജ് ഉദ്യോഗസ്ഥൻ എജിസ്റ്റോ ഓട്ടിന്റെ അറസ്റ്റോടെയാണ് ചാരവൃത്തിക്കെതിരെയുള്ള നടപടികൾ ഓസ്ട്രിയ കർശനമാക്കിയത്.ശീതയുദ്ധകാലം മുതൽ യൂറോപ്പിലെ ചാരവൃത്തിയുടെ കേന്ദ്രമായി അറിയപ്പെടുന്ന വിയന്നയിൽ ഏകദേശം 7,000-ത്തോളം വിദേശ ഏജന്റുമാർ നയതന്ത്ര പരിരക്ഷയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപെക് (OPEC), ഐഎഇഎ (IAEA) തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം വിയന്നയിലായതിനാൽ ഇത്തരം വിവരച്ചോർച്ചകൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *