മെക്സിക്കോയിലെ നിശാക്ലബ്ബിൽ യുഎസ് പൗരന്മാർക്ക് വൻ തുക പ്രവേശന ഫീസ്; പ്രതിഷേധവുമായി പ്രാദേശിക സമൂഹം

മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ പ്രമുഖ നിശാക്ലബ്ബായ ‘ജപ്പാൻ’ അമേരിക്കൻ പൗരന്മാർക്ക് മാത്രം പ്രവേശന ഫീസായി ഏകദേശം 300 ഡോളർ (5,000 പെസോ) ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കേവലം 20 ഡോളറും, മെക്സിക്കോ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ പൗരന്മാർക്ക് 14 ഡോളറുമാണ് ഫീസ്. അമേരിക്കൻ പൗരന്മാരോടുള്ള ഈ വിവേചനപരമായ നിലപാട് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അമേരിക്കൻ പൗരന്മാർക്ക് മറ്റ് രാജ്യക്കാർക്ക് നൽകുന്ന ഡിസ്കൗണ്ടുകൾ നൽകില്ലെന്നാണ് റോമ നോർട്ടെ അയൽപക്കത്തുള്ള ഈ ക്ലബ്ബ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്കെതിരെ നടത്തുന്ന വിവാദ പരാമർശങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കുമുള്ള മറുപടിയാണ് ഈ തീരുമാനമെന്ന് ക്ലബ് ഉടമ ഫെഡറിക്കോ ക്രെസ്പോ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ നിന്ന് നേരിടുന്ന അധിക്ഷേപങ്ങൾക്കുള്ള പ്രതികരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ കാരണങ്ങൾക്ക് പുറമെ, നഗരത്തിൽ വർധിച്ചുവരുന്ന ‘ജെൻട്രിഫിക്കേഷൻ’ (Gentrification) അഥവാ വിദേശികളുടെ കടന്നുകയറ്റം മൂലമുള്ള വിലക്കയറ്റവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കൊറോണ കാലത്തിന് ശേഷം ധാരാളം അമേരിക്കക്കാർ മെക്സിക്കോ സിറ്റിയിൽ താമസം ഉറപ്പിക്കുകയും ഇത് പ്രദേശത്തെ വാടകയും ജീവിതച്ചെലവും വൻതോതിൽ വർധിപ്പിക്കാൻ കാരണമാവുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അമേരിക്കൻ പൗരന്മാരിൽ നിന്ന് അധികമായി ലഭിക്കുന്ന ഈ പ്രവേശന ഫീസ്, വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ക്ലബ്ബിലെ ജീവനക്കാർക്കിടയിൽ വിതരണം ചെയ്യുമെന്നും ഉടമ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *