കെനിയയിലെ എഐ അധിഷ്ഠിത ആരോഗ്യ പരിഷ്കാരം പാളുന്നു; ദരിദ്രർക്ക് തിരിച്ചടിയായി പുതിയ ഇൻഷുറൻസ് നയം

നെയ്‌റോബി: കെനിയയിൽ നടപ്പിലാക്കിയ എഐ അധിഷ്ഠിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വ്യാപകമായ ക്രമക്കേടെന്ന് റിപ്പോർട്ട്. പാവപ്പെട്ടവരുടെ സാമ്പത്തിക സ്ഥിതി തെറ്റായി കണക്കാക്കുന്നതിലൂടെ അവർക്ക് താങ്ങാനാവാത്ത പ്രീമിയം തുകകൾ ഈടാക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പ്രസിഡന്റ് വില്യം റൂട്ടോയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ പദ്ധതി, രാജ്യത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഇൻഷുറൻസ് സംവിധാനത്തിന് പകരമായി 2024 ഒക്ടോബറിലാണ് ആരംഭിച്ചത്.

‘സോഷ്യൽ ഹെൽത്ത് അതോറിറ്റി’ (SHA) എന്ന പുതിയ സംവിധാനം, ജനങ്ങളുടെ വരുമാനം കണക്കാക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതമാണ് ഉപയോഗിക്കുന്നത്. വീടിന്റെ മേൽക്കൂര എന്തുണ്ടാക്കിയതാണ്, റേഡിയോ ഉണ്ടോ, ശുചിമുറി സൗകര്യം എങ്ങനെയുള്ളതാണ് തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഡിജിറ്റൽ ചോദ്യാവലി വഴിയാണ് ഒരാൾ എത്ര തുക ഇൻഷുറൻസ് അടയ്ക്കണമെന്ന് സിസ്റ്റം തീരുമാനിക്കുന്നത്. എന്നാൽ, ഈ സാങ്കേതിക വിദ്യ ദരിദ്രരുടെ വരുമാനം യഥാർത്ഥത്തിലുള്ളതിനേക്കാൾ അധികമായി കാണിക്കുകയും അതേസമയം സമ്പന്നരുടേത് കുറച്ചു കാണിക്കുകയും ചെയ്യുന്നതായാണ് ‘ആഫ്രിക്ക അൺസെൻസേർഡ്’, ‘ലൈറ്റ് ഹൗസ് റിപ്പോർട്ട്സ്’ എന്നിവർ നടത്തിയ ഓഡിറ്റിൽ തെളിഞ്ഞത്.

വരുമാനം കൃത്യമായി രേഖപ്പെടുത്താനില്ലാത്ത തൊഴിലാളികൾ, കർഷകർ തുടങ്ങിയവരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരിക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും നിലവിൽ ഇത് തിരിച്ചടിയായിരിക്കുകയാണ്. മുൻപ് 500 ഷില്ലിംഗ് അടച്ചിരുന്നവർ ഇപ്പോൾ 1,000 ഷില്ലിംഗിന് മുകളിൽ നൽകേണ്ടി വരുന്നു. പ്രീമിയം അടയ്ക്കാൻ സാധിക്കാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെട്ട് പലരും വീടുകളിൽ മരണപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഫീൽഡ് വോളന്റിയർമാർ സാക്ഷ്യപ്പെടുത്തുന്നു.

വേൾഡ് ബാങ്ക് മുൻപോട്ടു വെച്ച ‘പ്രോക്സി മീൻസ് ടെസ്റ്റിംഗ്’ (PMT) എന്ന പഴഞ്ചൻ രീതിയാണ് ഈ അൽഗോരിതത്തിന്റെ അടിസ്ഥാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമ്പന്നരെ തിരിച്ചറിയുന്നതിന് മുൻഗണന നൽകിയ സർക്കാർ, പാവപ്പെട്ടവർക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ കുറ്റപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിലെ ഈ സുതാര്യമില്ലായ്മ സർക്കാരിന്റെ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *