തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം തീർത്തും അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് പാർട്ടി സത്യസന്ധമായ വിലയിരുത്തൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാപരമായ പോരായ്മകളും പാർട്ടിക്കെതിരെ നടന്ന ആസൂത്രിതമായ പ്രചാരണങ്ങളുമാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തിരിച്ചടിയെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധന പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. ഓരോ പ്രവർത്തകനും ഭയമില്ലാതെയും സ്വതന്ത്രമായും അഭിപ്രായം പറയാനുള്ള അവസരം പാർട്ടി ഒരുക്കും. മുഴുവൻ ഏരിയ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ ലോക്കൽ കമ്മിറ്റികളിലും ഏരിയ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് യോഗങ്ങളിലും പങ്കെടുത്ത് താഴെത്തട്ടിലുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഘടകകക്ഷികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തിരുത്തൽ നടപടികൾക്കായിരിക്കും പാർട്ടി മുൻഗണന നൽകുക. എൽഡിഎഫിനെതിരെ നടന്ന വലിയ തോതിലുള്ള പ്രചാരണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫിന്റെ സ്ഥാനം ജനഹൃദയങ്ങളിലാണെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നണി ശക്തമായി തിരിച്ചുവരുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു

