കാൻബറ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് ഓസ്ട്രേലിയയെ സംരക്ഷിക്കുന്നതിനായി 10.7 ബില്യൺ ഡോളറിന്റെ വൻപദ്ധതി പ്രധാനമന്ത്രി ആന്തണി അൽബനീസി പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്ധന-വള വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
3.2 ബില്യൺ ഡോളർ ചെലവിൽ ഏകദേശം 100 കോടി ലിറ്റർ ഡീസലും വിമാന ഇന്ധനവും (Jet Fuel) സർക്കാർ നേരിട്ട് സംഭരിച്ചു വെക്കും.സ്വകാര്യ കമ്പനികൾക്ക് കൂടുതൽ ഇന്ധനം സംഭരിക്കാൻ 7.5 ബില്യൺ ഡോളറിന്റെ ധനസഹായം നൽകും. ഇതിലൂടെ രാജ്യത്തെ ഇന്ധന കരുതൽ ശേഖരം 50 ദിവസത്തേക്ക് ഉള്ളതാക്കി ഉയർത്തും.ഇന്ധന വിതരണ കമ്പനികൾ 10 ദിവസത്തെ അധിക ഇന്ധനം നിർബന്ധമായും ശേഖരിക്കണമെന്ന നിയമം (Minimum Stock Obligation) 2027 മുതൽ പ്രാബല്യത്തിൽ വരും.
ഈ പുതിയ പദ്ധതി പെട്രോൾ പമ്പുകളിലെ ഇന്ധന വിലയിൽ ഉടനടി കുറവുണ്ടാക്കില്ല. ഇത് നിലവിലെ വില കുറയ്ക്കാനായുള്ള പദ്ധതിയല്ല, മറിച്ച് യുദ്ധമോ മറ്റ് അന്താരാഷ്ട്ര പ്രതിസന്ധികളോ ഉണ്ടായാൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണ്. ആഗോള വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെട്ടാലും ഓസ്ട്രേലിയയിൽ ഇന്ധനം ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.
ഫോസിൽ ഇന്ധനങ്ങൾക്ക് ഇത്രയധികം തുക ചെലവഴിക്കുന്നതിനെ പരിസ്ഥിതി പ്രവർത്തകർ വിമർശിക്കുന്നുണ്ട്. ഈ തുക പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി (Renewable Energy) മാറ്റിവെച്ചിരുന്നെങ്കിൽ രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഗുണം ചെയ്യുമായിരുന്നു എന്നാണ് ക്ലൈമറ്റ് കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാട്. എന്നാൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഇത്തരം നടപടികൾ അനിവാര്യമാണെന്ന് എനർജി മിനിസ്റ്റർ ക്രിസ് ബോവൻ വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച പുറത്തിറക്കുന്ന ഫെഡറൽ ബജറ്റിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉണ്ടാകും.

