ഡാർവിൻ/അലീസ് സ്പ്രിങ്സ്: നോർത്തേൺ ടെറിട്ടറിയിലെ അലീസ് സ്പ്രിങ്സിൽ കുമഞ്ചായി ലിറ്റിൽ ബേബി എന്ന അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും മാറ്റിനിർത്തി. കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് ആഴ്ചയ്ക്കുള്ളിൽ ആറ് റിപ്പോർട്ടുകൾ ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ മന്ത്രി റോബിൻ കാഹിൽ അറിയിച്ചു.
കുട്ടി അപകടകരമായ സാഹചര്യത്തിലാണ് കഴിയുന്നതെന്ന റിപ്പോർട്ടുകൾ മാർച്ച് പകുതി മുതൽ അധികൃതർക്ക് ലഭിച്ചിരുന്നു. കുട്ടി കാണാതാകുന്നതിന് രണ്ട് ദിവസം മുൻപാണ് അവസാനത്തെ പരാതി നൽകിയത്. ജനനം മുതൽ കുട്ടിയുമായി ബന്ധപ്പെട്ട് ഡസനിലധികം റിപ്പോർട്ടുകൾ വകുപ്പിന് ലഭിച്ചിട്ടുണ്ടെങ്കിലും സമീപകാലത്തെ ആറ് പരാതികളിൽ ഒന്നിൽ പോലും അന്വേഷണം നടന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ പിതാവ് അറസ്റ്റിലായ ഗാർഹിക പീഡന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അവസാനത്തെ റിപ്പോർട്ട്.
പോലീസിന്റെ ഭാഗത്തുനിന്നും റിപ്പോർട്ടുകൾ ലഭിച്ചിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് മൗനം പാലിച്ചത് പോലീസുകാർക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുട്ടി അവഗണിക്കപ്പെടുന്നുണ്ടെന്നും ഗാർഹിക പീഡനങ്ങൾക്ക് സാക്ഷിയാകുന്നുണ്ടെന്നുമുള്ള ഗൗരവകരമായ പരാതികളാണ് ലഭിച്ചിരുന്നത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ് മന്ത്രി റോബിൻ കാഹിൽ. ആദിവാസി കുട്ടികളെ മാറ്റിപ്പാർപ്പിക്കുമ്പോൾ കുടുംബാംഗങ്ങൾക്കോ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കോ തന്നെ മുൻഗണന നൽകണം എന്ന നിലവിലെ നിയമത്തിൽ (Aboriginal Child Placement Principle) ഭേദഗതി വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വംശത്തേക്കാൾ ഉപരി കുട്ടിയുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അലീസ് സ്പ്രിങ്സിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 47 കാരനായ ജെഫേഴ്സൺ ലൂയിസിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഒരിക്കൽ പോലും അമ്മയുടെ സംരക്ഷണയിൽ നിന്ന് മാറ്റാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

