ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; ശുഭേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് ശുഭേന്ദു അധികാരിയുടെ അടുത്ത സഹായി കൂടിയായ വ്യക്തിഗത സഹായി ചന്ദ്രനാഥ് റാഥ് വെടിയേറ്റ് മരിച്ചു. ഉത്തര 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികൾ കാറ് തടഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു

ആക്രമണസമയത്ത് റാഥ് കാറിലുണ്ടായിരുന്നു. നിരവധി വെടിയേറ്റ അദ്ദേഹം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹന ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതായും പോലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് ആസൂത്രിത കൊലപാതകമാണെന്ന് ശുഭേന്ദു അധികാരി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, കൊലപാതകത്തെ തൃണമൂൽ കോൺഗ്രസും അപലപിക്കുകയും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ വിവിധ ഇടങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *