അഹമ്മദാബാദ്: 2026 ഐപിഎൽ ഫൈനൽ മത്സരത്തിന്റെ വേദി ബംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി. മേയ് 31ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇനി ഫൈനൽ നടക്കുക. മുമ്പ് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്.
പ്ലേ ഓഫ് മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂളും ബിസിസിഐ പ്രഖ്യാപിച്ചു. മേയ് 26ന് ധർമ്മശാലയിൽ ക്വാളിഫയർ-1 നടക്കും. എലിമിനേറ്ററും ക്വാളിഫയർ-2 മത്സരവും മേയ് 27, 29 തീയതികളിൽ ചണ്ഡീഗഡിൽ നടക്കും. ഫൈനൽ മത്സരത്തിനാണ് അഹമ്മദാബാദ് വേദിയാകുന്നത്.
പ്രവർത്തനപരവും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് വേദി മാറ്റിയതെന്ന് ബിസിസിഐ അറിയിച്ചു. പ്രാദേശിക അസോസിയേഷനും അധികാരികളും മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ബിസിസിഐ മാർഗനിർദേശങ്ങൾക്ക് പുറത്തായതിനാലാണ് തീരുമാനം എടുത്തതെന്നും ബോർഡ് വിശദീകരിച്ചു.
ഫൈനൽ വേദി നഷ്ടമായതിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നിരാശ പ്രകടിപ്പിച്ചു. മത്സരങ്ങൾ നടത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നുവെന്നും, വേദി മാറ്റാനുള്ള വ്യക്തമായ കാരണം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അസോസിയേഷൻ പ്രതികരിച്ചു.

