ബർലിൻ: വെടിക്കോപ്പ് ഉൽപാദന ശേഷിയിൽ ജർമനി അമേരിക്കയെ മറികടന്നതായി റിപ്പോർട്ട്. ജർമൻ പ്രതിരോധ കമ്പനി റെയിൻ മെറ്റൽ സിഇഒ ആർമിൻ പാപ്പർഗറാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ–ഉക്രൈൻ യുദ്ധത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ ചെലവ് വർധിപ്പിച്ചതോടെയാണ് ജർമനി ഉൽപാദന ശേഷി കുത്തനെ ഉയർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇടത്തരം ശ്രേണിയിലുള്ള വെടിക്കോപ്പുകളുടെ വാർഷിക ഉൽപാദനം 8 ലക്ഷം യൂണിറ്റിൽ നിന്ന് 40 ലക്ഷമായി ഉയർത്തിയതായി റെയിൻ മെറ്റൽ അറിയിച്ചു. ആർട്ടിലറി ഷെല്ലുകളുടെ ഉൽപാദനം 70,000ൽ നിന്ന് 11 ലക്ഷം യൂണിറ്റായി വർധിപ്പിക്കുകയും സൈനിക ട്രക്ക് നിർമാണം 600ൽ നിന്ന് 4,500 ആയി ഉയർത്തുകയും ചെയ്തതായി കമ്പനി വ്യക്തമാക്കി.
യൂറോപ്പിൽ ആയുധ നിർമാണ രംഗത്ത് വലിയ വ്യാപനമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹംഗറി, റൊമാനിയ, ലിത്വാനിയ, ഉക്രൈൻ എന്നിവിടങ്ങളിലേക്കും റെയിൻ മെറ്റൽ ഉൽപാദന ശൃംഖല വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിരോധ വ്യവസായ രംഗത്ത് 2030ഓടെ 70,000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ.

