ഇസ്ലാമാബാദ്: അറബിക്കടലിൽ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്ഥാൻ നാവികസേന. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നാവികസേന അടിയന്തര സഹായം നൽകിയത്.
കപ്പലിൽ ആറ് ഇന്ത്യൻ പൗരന്മാരും ഒരു ഇൻഡോനേഷ്യൻ പൗരനും ഉൾപ്പെടെ ഏഴ് ജീവനക്കാരുണ്ടായിരുന്നു. ഗുരുതര സാങ്കേതിക തകരാറിനെ തുടർന്ന് കപ്പൽ കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. ഇതിനെ തുടർന്ന് ‘പിഎൻഎസ് കശ്മീർ’ എന്ന നാവികക്കപ്പൽ രക്ഷാപ്രവർത്തനത്തിനായി അയച്ചു.
കപ്പൽ ജീവനക്കാർക്ക് ഭക്ഷണവും വൈദ്യസഹായവും സാങ്കേതിക പിന്തുണയും നൽകിയതായി പാക് നാവികസേന വ്യക്തമാക്കി. മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കോ-ഓർഡിനേഷൻ സെന്ററിൽ നിന്നുള്ള ദുരന്തസന്ദേശത്തെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ–പാകിസ്ഥാൻ ബന്ധം സംഘർഷഭരിതമായി തുടരുന്നതിനിടെയുണ്ടായ ഈ മനുഷ്യാവകാശ സഹായനടപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മാസവും അറബിക്കടലിൽ അപകടത്തിൽപ്പെട്ട മറ്റൊരു കപ്പലിലെ 18 ജീവനക്കാരെ പാക് നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

