മെൽബൺ: മെൽബണിലെ ഫൂട്ട്‌സ്‌ക്രേയി സ്ത്രീക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ ജനപ്രതിനിധിക്ക് നേരെയും അക്രമിയുടെ കൈയേറ്റം. ഓസ്‌ട്രേലിയൻ സ്റ്റേറ്റ് എം.എൽ.എയായ കാറ്റി ഹാളിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തുടർന്ന് ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ജൂൺ 25-നായിരുന്നു നാടുക്കമുണ്ടാക്കിയ സംഭവം നടന്നത്. തെരുവിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളെ ഒരു പുരുഷൻ വന്നിടിക്കുകയും, അതിലൊരു സ്ത്രീ നിലത്തു വീണപ്പോൾ അക്രമി അവരുടെ തലയ്ക്ക് ക്രൂരമായി ചവിട്ടുകയുമായിരുന്നു. ഇത് കണ്ടുനിന്ന കാറ്റി ഹാൾ അക്രമം തടയാൻ ഇടപെടുക യായിരുന്നു. എന്നാൽ പ്രകോപിതനായ അക്രമി കാറ്റിയെ തലകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ഇതിനിടയിൽ അവരുടെ കൈയിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വിവേകശൂന്യമായ ആ അക്രമം തടയുക, ആക്രമിക്കപ്പെടുന്ന സ്ത്രീയെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു ആ സമയത്ത് എന്റെ മനസ്സിലുണ്ടായിരുന്ന ഒരേയൊരു ചിന്ത, കാറ്റി ഹാൾ പിന്നീട് വ്യക്തമാക്കി. പരിക്കേറ്റ ശേഷവും ധീരതയോടെ അടിയന്തര വിഭാഗത്തെ വിവരമറിയിച്ച കാറ്റി, അക്രമിയെ പിന്തുടരുകയും ചെയ്തു. തുടർന്ന് സമീപത്തുനിന്നുതന്നെ വിക്ടോറിയ പൊലീസും ആംബുലൻസ് വിഭാഗവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ മാസം കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതിവേഗത്തിലുള്ള നടപടികൾക്കും പരിചരണത്തിനും വിക്ടോറിയ പൊലീസിനും ആംബുലൻസ് വിഭാഗത്തിനും കാറ്റി നന്ദി അറിയിച്ചു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

