ബ്യൂണസ് ഐറിസ്: അറ്റ്ലാന്റിക് ക്രൂയിസ് കപ്പലിൽ പടർന്നുപിടിച്ച മാരകമായ ഹന്റാ വൈറസ് ബാധയുടെ ഉറവിടം തേടി അർജന്റീനയിലെ ആരോഗ്യ വിദഗ്ധർ അന്വേഷണം ഊർജ്ജിതമാക്കി. അന്റാർട്ടിക്കയിലേക്ക് യാത്ര പുറപ്പെട്ട എം.വി ഹോണ്ടിയസ് (MV Hondius) എന്ന കപ്പലിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധയെത്തുടർന്ന് ഇതിനോടകം മൂന്ന് യാത്രക്കാർ മരണപ്പെടുകയും നിരവധി പേർ വിവിധ രാജ്യങ്ങളിൽ ചികിത്സയിലാവുകയും ചെയ്തു.
ലാറ്റിൻ അമേരിക്കയിൽ ഹന്റാ വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് അർജന്റീന. 2025 ജൂൺ മുതൽ ഇതുവരെ 101 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. കപ്പലിലെ യാത്രക്കാരിൽ കണ്ടെത്തിയ ‘ആൻഡീസ് വൈറസ്’ (Andes virus) എന്ന വകഭേദം ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നതും മരണസാധ്യത ഏറെയുള്ളതുമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വൈറസ് ബാധിച്ചവരിൽ മൂന്നിലൊന്ന് പേരും മരണത്തിന് കീഴടങ്ങിയതായി അർജന്റീന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ ഒരു യാത്രക്കാരൻ തീവ്രപരിചരണ വിഭാഗത്തിലാണ്. യാത്രയ്ക്കിടെ കപ്പലിൽ നിന്ന് മടങ്ങിയ ഒരാൾക്ക് സ്വിറ്റ്സർലൻഡിലും രോഗം സ്ഥിരീകരിച്ചു. രോഗബാധ തിരിച്ചറിയുന്നതിനായി സ്പെയിൻ, സെനഗൽ, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, യുകെ എന്നീ രാജ്യങ്ങൾക്ക് വൈറസിന്റെ ജനിതക വിവരങ്ങളും പരിശോധനാ ഉപകരണങ്ങളും അർജന്റീന കൈമാറിയിട്ടുണ്ട്.
സാധാരണയായി എലികളിൽ നിന്നോ അവയുടെ അവശിഷ്ടങ്ങളിൽ നിന്നോ ആണ് ഹന്റാ വൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരുന്നത് അപൂർവ്വമാണെങ്കിലും, ആൻഡീസ് വകഭേദം അടുത്ത സമ്പർക്കത്തിലൂടെ പടരാൻ സാധ്യതയുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഏപ്രിൽ 23-ന് സെന്റ് ഹെലേന ദ്വീപിൽ കപ്പൽ ഇറങ്ങിയ 23 യാത്രക്കാരെ ഇതുവരെ ബന്ധപ്പെടാൻ സാധിക്കാത്തത് അധികൃതരെ വലയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് യാത്രക്കാർ മടങ്ങിയ സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളിലെ ആരോഗ്യ വിഭാഗങ്ങളും

