ഉയരം വിനയായി; ബസിനുള്ളിൽ കുനിഞ്ഞുനിന്ന കണ്ടക്ടർക്ക് ഒടുവിൽ മോചനം

ഹൈദരാബാദ്: അമിതമായ ഉയരം കാരണം ജോലിയിൽ ദുരിതമനുഭവിച്ചിരുന്ന കണ്ടക്ടർ അമീൻ അഹമ്മദ് അൻസാരിക്ക് ആശ്വാസകരമായ തീരുമാനവുമായി തെലങ്കാന സർക്കാർ. ആറടി ആറിഞ്ച് (198 സെ.മീ) ഉയരമുള്ള അമീന് ബസിനുള്ളിലെ പരിമിതമായ സ്ഥലം വലിയ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന് ഓഫീസിൽ ബദൽ ജോലി നൽകാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടു.

തെലങ്കാന ആർ.ടി.സിയിലെ കണ്ടക്ടറായ അമീൻ ജോലി ചെയ്തിരുന്ന ബസുകളുടെ ഉൾവശത്തിന് പരമാവധി ആറടി നാല് ഇഞ്ച് ഉയരം മാത്രമാണ് ഉണ്ടായിരുന്നത്. പത്തു മണിക്കൂർ നീളുന്ന തന്റെ ഡ്യൂട്ടി സമയത്ത് ഒരിക്കൽ പോലും ബസിനുള്ളിൽ നിവർന്നുനിൽക്കാൻ ഇദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. നിരന്തരം കുനിഞ്ഞുനിന്ന് ടിക്കറ്റ് നൽകേണ്ടി വന്നതോടെ അമീന് കടുത്ത കഴുത്തുവേദനയും നടുവേദനയും അനുഭവപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പലതവണ അപേക്ഷ നൽകിയെങ്കിലും താൽക്കാലികമായ ഇളവുകൾ മാത്രമാണ് ലഭിച്ചിരുന്നത്.

ബസിനുള്ളിൽ കൂനിക്കൂടി നിന്ന് ടിക്കറ്റ് നൽകുന്ന അമീന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ജീവനക്കാരന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് അദ്ദേഹത്തെ ബസ് പാസ് സെക്ഷനിലേക്കോ അല്ലെങ്കിൽ വിമാനത്താവളത്തിലെ ആർ.ടി.സി കൗണ്ടറിലേക്കോ മാറ്റാനാണ് നിലവിലെ തീരുമാനം. ജീവനക്കാരന്റെ പ്രയാസം മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിച്ച അധികൃതരെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *