മൊഗാദിഷു: സൊമാലിയൻ സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് ജയിലിലടയ്ക്കപ്പെട്ട യുവതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമായ പീഡനം. 27 വയസ്സുകാരിയായ സാദിയ മോലിം അലിയാണ് തനിക്ക് നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. നഴ്സിംഗ് ബിരുദധാരിയായ ഇവർ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.
സർക്കാരിലെ അഴിമതി, തൊഴിലില്ലായ്മ, ഇന്ധനവില വർധനവ് എന്നിവയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിനാണ് ഏപ്രിൽ 12-ന് സാദിയയെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ വെച്ച് പുരുഷ ഗാർഡുകൾ തന്നെ നഗ്നയാക്കി മർദിച്ചതായും സി.സി.ടി.വി നിരീക്ഷണമുള്ള മുറിയിൽ വെച്ച് ബൂട്ടിട്ട് ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായും ഇവർ പറഞ്ഞു. ‘സെല്ലുല ഡെല്ല മോർട്ടെ’ (മരണ അറ) എന്നറിയപ്പെടുന്ന അതിതീവ്രമായ ചൂടും ദുർഗന്ധവുമുള്ള ഇടുങ്ങിയ മുറിയിൽ ഭക്ഷണവും വെള്ളവും നൽകാതെ രണ്ടുദിവസം പൂട്ടിയിട്ടതായും സാദിയ വെളിപ്പെടുത്തി.
നിയമപരമായ നടപടികൾ പാലിക്കാതെയാണ് തന്നെ തടങ്കലിൽ വെച്ചിരിക്കുന്നതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 38 സ്ത്രീകളോടൊപ്പം ഇടുങ്ങിയ സെല്ലിലാണ് ഇവർ കഴിയുന്നത്. ക്രൂരമായ മർദനം മൂലം സാദിയയുടെ കൈകാലുകൾക്ക് മരവിപ്പും വൃക്കസംബന്ധമായ അസുഖങ്ങളും ബാധിച്ചിട്ടുണ്ട്. 11 മാസം പ്രായമുള്ള കുഞ്ഞിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമാണ് ഇവർ.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് സൊമാലിയയിൽ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. സാദിയയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും സൊമാലിയൻ എം.പിയും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ സൊമാലിയൻ സർക്കാർ നടത്തുന്ന ആസൂത്രിതമായ അടിച്ചമർത്തലിന്റെ ഭാഗമാണ് ഈ സംഭവമെന്ന് വിമർശനമുയരുന്നു.

