കേപ് വെർഡെ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ ആഡംബര ക്രൂയിസ് കപ്പലായ എം.വി ഹോണ്ടിയസിൽ (MV Hondius) പടർന്നുപിടിച്ച ഹന്റാ വൈറസ് ബാധയിൽ ഒരു ബ്രിട്ടീഷ് ജീവനക്കാരന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. വൈറസ് ബാധയെത്തുടർന്ന് കപ്പലിൽ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് നെതർലൻഡ്‌സ് സ്വദേശികളും ഒരു ജർമ്മൻ പൗരനുമാണ് മരിച്ചത്. രോഗം പടരുന്നത് തടയാൻ കപ്പൽ നിലവിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെയുടെ തീരത്ത് തടഞ്ഞിട്ടിരിക്കുകയാണ്.
കപ്പലിലെ ഏഴ് യാത്രക്കാർക്ക് വൈറസ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന (WHO) നൽകുന്ന വിവരം. ഇതിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. തീവ്രമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പ്രകടിപ്പിക്കുന്ന ഒരു ബ്രിട്ടീഷ് ജീവനക്കാരനും ഡച്ച് ജീവനക്കാരനും അടിയന്തര ചികിത്സ ആവശ്യമാണ്. ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ ചികിത്സയിലുള്ള 69 വയസ്സുകാരനായ ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.
അർജന്റീനയിൽ നിന്ന് മാർച്ചിൽ യാത്ര പുറപ്പെട്ട കപ്പലിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണുള്ളത്. ഏപ്രിൽ 11-നാണ് കപ്പലിൽ ആദ്യ മരണം സംഭവിക്കുന്നത്. എലികളിലൂടെയും മറ്റും പകരുന്ന ഈ വൈറസ് കപ്പലിലെ എലികളിൽ നിന്നാണോ അതോ സന്ദർശിച്ച ഏതെങ്കിലും തുറമുഖങ്ങളിൽ നിന്നാണോ പടർന്നതെന്ന് വ്യക്തമായിട്ടില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കപ്പലിന് തീരമടുക്കാൻ കേപ് വെർഡെ അധികൃതർ അനുമതി നിഷേധിച്ചു. പൗരന്മാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.
കപ്പലിലുള്ളവരെ ഒഴിപ്പിക്കുന്നതിനായി നെതർലൻഡ്‌സ്, യുകെ അധികൃതരുമായി ചർച്ചകൾ നടക്കുകയാണ്. കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗം ബാധിച്ചവരെ എയർ ആംബുലൻസ് വഴി മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് കേപ് വെർഡെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ യാത്രക്കാർ കപ്പലിനുള്ളിൽ ഐസൊലേഷനിലാണ്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവ്വമാണെങ്കിലും ആൻഡീസ് വകഭേദം പടരാൻ സാധ്യതയുള്ളതിനാൽ കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

