തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസിലെ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എഐസിസി നിയോഗിച്ച നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാകൻ എന്നിവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചയിൽ വിവിധ വിഭാഗങ്ങൾ സജീവമായി നീക്കങ്ങൾ തുടരുകയാണ്. എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ കെ.സി വേണുഗോപാൽ മുൻതൂക്കത്തിലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അവകാശവാദം. അതേസമയം ഘടകകക്ഷികളുടെ പിന്തുണയും പൊതുജന വികാരവും നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് വിഡി സതീശൻ വിഭാഗം. രമേഷ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷകർ റിപ്പോർട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ നിലപാട് നിർണായകമാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

