ദുബായ്: യുഎഇയ്ക്ക് നേരെ ഇറാൻ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ തടഞ്ഞതായും വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണശ്രമത്തിനും അമേരിക്ക നടത്തിയ തിരിച്ചടിക്കുമൊടുവിലാണ് യുഎഇയ്ക്കെതിരായ പുതിയ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎസ് സൈന്യം ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായും തുടർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ‘സ്വയംരക്ഷാ നടപടി’ നടത്തിയതായും അറിയിച്ചു.
ഇതിനിടെ യുഎഇയ്ക്കെതിരായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇറാന്റെ പ്രതികരണം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഫുജൈറ മേഖലയിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്ക വർധിച്ചിരിക്കുകയാണ്. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യുഎഇയ്ക്കെതിരായ ആക്രമണത്തെ അപലപിച്ചു. മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, പുതിയ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. ആഗോള എണ്ണവിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

