ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിലെ പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ പരാമർശിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് നൽകിക്കൊണ്ട് കോൺഗ്രസ് നിയമസഭാകക്ഷി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
കേരളത്തിലെ നേതാക്കളുമായി എഐസിസി നിരീക്ഷകർ ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.

