എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ ഹാന്റാവൈറസ് വ്യാപനം; മൂന്ന് മരണം, ആഗോള ജാഗ്രത

അറ്റ്‌ലാന്റിക് സമുദ്രത്തിൽ യാത്ര തുടരുന്ന ഡച്ച് ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. ഇതുവരെ മൂന്ന് പേർ മരിച്ചതായും നിരവധി പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

അർജന്റീനയിലെ ഉഷ്വായയിൽ നിന്ന് ഏപ്രിൽ ഒന്നിന് യാത്രതിരിച്ച കപ്പലിൽ ഏകദേശം 150ഓളം യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ചിലർക്ക് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ഹാന്റാവൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുമായി ബന്ധപ്പെട്ട് എട്ട് കേസുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് WHO വ്യക്തമാക്കുന്നത്.

ബാധ കണ്ടെത്തിയ വൈറസ് ‘ആൻഡീസ്’ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള അപൂർവ ഹാന്റാവൈറസ് വകഭേദമാണിത്. എന്നാൽ പൊതുജനങ്ങൾക്ക് നിലവിൽ വലിയ ഭീഷണിയില്ലെന്നാണ് WHOയുടെ വിലയിരുത്തൽ.

കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവിധ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കപ്പലിൽ നിന്നിറങ്ങിയ യാത്രക്കാരെ വിവിധ രാജ്യങ്ങളിൽ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സിംഗപ്പൂർ, ബ്രിട്ടൻ, നെതർലൻഡ്‌സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ പ്രത്യേക ആരോഗ്യനിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

ഹാന്റാവൈറസ് സാധാരണയായി എലികളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ സമ്പർക്കത്തിലൂടെയോ പകരുന്ന വൈറസ് രോഗമാണ്. ചില വകഭേദങ്ങൾ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും മരണത്തിനും കാരണമാകാം.

Leave a Reply

Your email address will not be published. Required fields are marked *