ബ്രസ്സൽസ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വിമാന ഇന്ധന വിലയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, വിമാനക്കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി യൂറോപ്യൻ കമ്മീഷൻ. ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം യാത്രക്കാരിൽ നിന്ന് അധിക ഇന്ധന സർചാർജ് ഈടാക്കാൻ വിമാനക്കമ്പനികൾക്ക് അവകാശമില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഇറാൻ യുദ്ധത്തിന്റെ ആഘാതം വ്യോമയാന മേഖലയിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടിലാണ് കമ്മീഷൻ.
നിലവിലെ സാഹചര്യത്തിനനുസരിച്ച് വിമാനക്കമ്പനികൾക്ക് തങ്ങളുടെ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്താവുന്നതാണ്. എന്നാൽ ഒരിക്കൽ ടിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ അതിന്മേൽ വീണ്ടും ഇന്ധന സർചാർജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് അന്ന-കൈസ ഇറ്റ്കോണൻ ബ്രസ്സൽസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാൻ യുദ്ധം വിമാന ഇന്ധന വിപണിയെ സാരമായി ബാധിച്ചിട്ടില്ലാത്തതിനാൽ യാത്രക്കാരുടെ സുരക്ഷാ നിയമങ്ങളിലും മറ്റ് ആനുകൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ലെന്നും റീട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വിമാന ഇന്ധനത്തിന് നിലവിൽ ക്ഷാമമുള്ളതായി കൃത്യമായ തെളിവുകളില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. യുദ്ധം മൂലമുണ്ടാകുന്ന ഊർജ്ജ പ്രതിസന്ധിയുടെ ഭാരം യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യൂറോപ്യൻ യൂണിയൻ

