ടെൽ അവീവ്: യുഎഇക്ക് ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോം ബാറ്ററികളും അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സൈനികരെയും നൽകിയതായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക് ഹക്കബി വെളിപ്പെടുത്തി. ടെൽ അവീവിൽ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനുമായുണ്ടായ സംഘർഷത്തിനിടെ യുഎഇയെ പ്രതിരോധിക്കാൻ സഹായിക്കാനാണ് ഇസ്രയേൽ ഈ സംവിധാനം കൈമാറിയതെന്നാണ് റിപ്പോർട്ട്. യുഎഇയും ഇസ്രയേലും തമ്മിലുള്ള അടുത്ത പ്രതിരോധബന്ധത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് ഹക്കബി വ്യക്തമാക്കി. 2020ലെ അബ്രഹാം കരാറിന് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചത്.
ഇറാൻ യുഎഇക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ-യുഎഇ സൈനിക സഹകരണം കൂടുതൽ വ്യാപിപ്പിക്കാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

