പാലക്കാട് സ്വദേശിക്ക് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി കുമളി പോലീസ്

കുമളി: പാലക്കാട് സ്വദേശിക്ക് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി നൽകി കുമളി പോലീസ് മാതൃകയായി. പാലക്കാട് സ്വദേശിയായ അബ്ദുൽ സമദിന്റെ ഫോണാണ് പോലീസ് വീണ്ടെടുത്തത്. ഫോൺ നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയെത്തുടർന്ന് കുമളി ഇൻസ്പെക്ടർ അഭിലാഷ് കുമാർ, സബ് ഇൻസ്പെക്ടർ കണ്ണൻ, സിവിൽ പോലീസ് ഓഫീസർ മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഫോണിലേക്ക് എത്തിച്ചത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നാണ് ഫോൺ കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടർ കണ്ണൻ ഫോൺ ഉടമസ്ഥന് കൈമാറി.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങളും കുമളി പോലീസ് ഇതോടൊപ്പം പുറപ്പെടുവിച്ചു. ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ-ആപ്പ്’ (Pol-App) വഴിയോ തുണ പോർട്ടൽ വഴിയോ അതല്ലെങ്കിൽ നേരിട്ടോ പരാതി നൽകണം. പരാതിയിൽ ഐ.എം.ഇ.ഐ (IMEI) നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാൻ സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഉടൻ തന്നെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കണം. കൂടാതെ, കേന്ദ്ര സർക്കാരിന്റെ www.ceir.gov.in എന്ന വെബ്‌സൈറ്റ് വഴി ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. ഇത്തരത്തിൽ ബ്ലോക്ക് ചെയ്യപ്പെടുന്ന ഫോണുകൾ പിന്നീട് മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും പോലീസിന് അവ ട്രാക്ക് ചെയ്യാൻ സാധിക്കും. ഫോൺ തിരികെ ലഭിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടൽ വഴി അൺബ്ലോക്ക് ചെയ്യാനും സാധിക്കും.

സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഗൂഗിളിന്റെ ‘ഫൈൻഡ് മൈ ഡിവൈസ്’ (Find My Device) സൗകര്യം ഉപയോഗിച്ച് ദൂരസ്ഥലത്തിരുന്ന് തന്നെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാനും ഫോൺ ലോക്ക് ചെയ്യാനും സാധിക്കുമെന്നും പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *