ചോദ്യപേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി; 23 ലക്ഷം വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണം

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG 2026) റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

രാജസ്ഥാനിലെ ജയ്പൂർ കേന്ദ്രീകരിച്ച് നടന്ന ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷയ്ക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യങ്ങൾ പ്രചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കെമിസ്ട്രി വിഭാഗത്തിലെ 120-ഓളം ചോദ്യങ്ങൾ ചോർന്ന പിഡിഎഫ് രേഖകളിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പരീക്ഷ റദ്ദാക്കിയതോടെ രാജ്യത്തെ 23 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. മാസങ്ങളോളം നീണ്ട കഠിനാധ്വാനം പാഴായെന്ന നിരാശയിലാണ് പരീക്ഷാർത്ഥികൾ. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചെങ്കിലും, നിലവിലെ അനിശ്ചിതത്വം വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്.

പുനഃപരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷന്റെയോ ഫീസിന്റയോ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹാൾടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉടൻ ലഭ്യമാക്കും. ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പുതിയ പരീക്ഷാ കലണ്ടർ പുറത്തിറക്കുമെന്നാണ് സൂചന. അതേസമയം, പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്

Leave a Reply

Your email address will not be published. Required fields are marked *