കോട്ടയം: സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ നടന്ന അപകടത്തിലാണ് റോസ് ചാക്കോ മരിച്ചത്.
സ്റ്റാൻഡിൽ എത്തിയ ബസിൽ നിന്ന് ഇറങ്ങിയ ശേഷം ബസിന്റെ മുൻവശം കൂടി നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറഞ്ഞാൽ–തിരുവഞ്ചൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. യാത്രക്കാരി മുന്നിലുണ്ടെന്നറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ റോസ് ബസിനടിയിൽപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബസിന്റെ ഇടതുവശത്തെ മുൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ശബ്ദം കേട്ട് യാത്രക്കാരും പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. വയറിനും മുഖത്തിനും ഗുരുതര പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

