തമിഴ്നാട്ടിൽ അധികാരത്തിലെത്തിയതിന് പിന്നാലെ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കേരളത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നു. സംസ്ഥാനത്ത് പുതിയ സംഘടനാ സംവിധാനം രൂപീകരിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കാനാണ് പാർട്ടി ആലോചിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വയനാട്ട് കേന്ദ്രീകരിച്ചാണ് കേരളത്തിലെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വിജയിയുടെ ആരാധകസംഘടനകളെ പാർട്ടി ഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ച ശേഷം സംസ്ഥാന കമ്മിറ്റി നിലവിൽ വരുമെന്നും തുടർന്ന് വിജയി നേരിട്ട് കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നും ടിവികെ പ്രവർത്തകർ വ്യക്തമാക്കുന്നു. ഓൺലൈൻ അംഗത്വ ക്യാംപെയ്ൻ വഴിയും കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ നീക്കമുണ്ട്.
തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ കേരളത്തിലും പാർട്ടിക്ക് പിന്തുണ വർധിക്കുന്നതായി പ്രവർത്തകർ അവകാശപ്പെടുന്നു. വിവിധ ജില്ലകളിൽ ആഘോഷങ്ങളും റാലികളും സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

