റിയാദ്: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ നിർണ്ണായക വഴിത്തിരിവായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ സൗദി അറേബ്യ നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് പിന്നാലെയാണ് സൗദിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു സൈനിക നടപടിയുണ്ടായതെന്ന വാർത്തകൾ പുറത്തുവരുന്നത്.
ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരതയും ഇറാൻ ഉയർത്തുന്ന സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് സൗദിയുടെ ഈ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും രഹസ്യാന്വേഷണ സഹായത്തോടെയാണ് സൗദി അറേബ്യ ഈ ദൗത്യം പൂർത്തിയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം, സൗദിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ അറബ് രാജ്യങ്ങൾ അമേരിക്കയുടെയും ഇസ്രായേലിന്റെയും ചരടുവലികൾക്ക് വഴങ്ങുകയാണെന്നും ഇത് പശ്ചിമേഷ്യയെ കൂടുതൽ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു. സൗദിയുടെ ആക്രമണത്തെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. സമുദ്രവ്യാപാര പാതകളിലും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലും ഇറാൻ തിരിച്ചടി നടത്താൻ സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര തലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

