ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായുള്ള ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ വലിപ്പം ഗണ്യമായി കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള ഇന്ധനവില വർധനയും വിദേശനാണ്യ സമ്മർദവും പരിഗണിച്ചാണ് ഈ നീക്കം.
സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താതെയാണ് എസ്‌പിജി പ്രോട്ടോക്കോൾ പ്രകാരം വാഹനങ്ങളുടെ എണ്ണം കുറച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്ത്, അസം സന്ദർശനങ്ങളിലായിരുന്നു ചുരുക്കിയ വാഹനവ്യൂഹം ആദ്യമായി ഉപയോഗിച്ചത്. സാധ്യമാകുന്നിടത്ത് പുതിയ വാഹനങ്ങൾ വാങ്ങാതെ ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഔദ്യോഗിക വാഹനവ്യൂഹം ചുരുക്കുന്ന നടപടികൾ ആരംഭിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ് എന്നിവരും വാഹനങ്ങളുടെ എണ്ണം കുറച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കുക, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, ഇന്ധന ഉപഭോഗം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി അടുത്തിടെ മുന്നോട്ടുവച്ചത്. രാജ്യത്ത് ഇന്ധന സംരക്ഷണം ജനകീയ പ്രസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

