കീവ്: റഷ്യ നടത്തിയ വ്യാപക ഡ്രോൺ ആക്രമണങ്ങളിൽ യുക്രൈനിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. വിവിധ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡ്നിപ്രോപെട്രോവ്സ്ക് മേഖലയിലാണ്.
റഷ്യൻ സൈന്യം നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളാടി മർ സെലൻസ്കി പറഞ്ഞു. രാജ്യത്തെ 14 മേഖലകളിൽ ആക്രമണം ഉണ്ടായതായും അദ്ദേഹം അറിയിച്ചു.
താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായത്. റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ, താമസ കെട്ടിടങ്ങൾ, ഊർജ കേന്ദ്രങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. അതേസമയം, റഷ്യൻ ഗ്യാസ് പ്ലാന്റുകളും വ്യാവസായിക കേന്ദ്രങ്ങളും യുക്രൈൻ ഡ്രോണുകൾ ലക്ഷ്യമിട്ടതായി റഷ്യ അറിയിച്ചു.
റഷ്യൻ ആക്രമണത്തെ തുടർന്ന് പോളണ്ട് അതിർത്തി മേഖലയിൽ ജാഗ്രത ശക്തമാക്കിയതായും സ്ലോവാക്യ ചില അതിർത്തി കടപ്പാതകൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ടുകളുണ്ട്.

